ആലപ്പുഴ: സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിംഗ് നടത്തുന്നതെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സിനിമ നിർമിച്ചവർ സെൻസർ ബോർഡിലുള്ളവർക്ക് മദ്യവും പണവും നൽകുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. ഹരിപ്പാട് ടെമ്പിൾസിറ്റി റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിനിമയുടെ തുടക്കം തന്നെ മദ്യപാനമാണ്. മോഹൻലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനമാണ്. നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരികയാണ്. തുടക്കത്തിൽ മദ്യപാനം കാണിക്കരുതെന്ന് ഫിലിം സെൻസർ ബോർഡിന് പറയാൻ കഴിയുമല്ലോ. അവരും മദ്യപിച്ചാണ് അത് കാണുന്നത്.
സിനിമ നിർമിച്ചവർ അവർക്ക് കുപ്പി വാങ്ങിക്കൊടുക്കും. കയ്യിൽ കാശും കൊടുക്കും. സിനിമ കണ്ടിട്ടില്ലാത്തവരും അധികാരത്തിലുള്ള പാർട്ടിയുടെ ആളുകളുമാണ് സെൻസർ ബോർഡിലുള്ളത്. ഇത്തരത്തിൽ ആലപ്പുഴയിലുള്ളവരെ എനിക്കറിയാം'- ജി സുധാകരൻ വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |