#കരിങ്കൊടി പ്രതിഷേധം ഗവർണർ എത്തുംമുമ്പേ
# സുരക്ഷയ്ക്ക് 300 പൊലീസുകാർ
കോഴിക്കോട്/മലപ്പുറം: എസ്.എഫ്.ഐ കരിങ്കൊടി ഭീഷണിക്കിടയിൽ കർശന സുരക്ഷയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് സർവകലാശാലയിലെത്തി. പ്രതിഷേധിച്ച എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രി, സെക്രട്ടറി പി.എം.ആർഷോ എന്നിവരെയടക്കം അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് ലാത്തിചാർജ്ജിൽ നേതാക്കളടക്കം പലർക്കും പരിക്കേറ്റു.
എസ്.എഫ്. ഐ ഗുണ്ടകളെ പേടിയില്ലെന്ന് കോഴിക്കോടിന് തിരിക്കുംമുമ്പ് ന്യൂഡൽഹിയിൽ ഗവർണർ പ്രതികരിച്ചിരുന്നു.
ഇന്നലെ വൈകിട്ട് ആറരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഗവർണർ ഏഴരയോടെയാണ് സർവകലാശാല കാമ്പസിലെത്തിയത്. ഗവർണറുടെ വാഹന വ്യൂഹം വരുംമുമ്പാണ് എസ്.എഫ്.ഐ പ്രവർത്തകർ റോഡിലേക്ക് ചാടിയിറങ്ങിയത്. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. ഗവർണറുടെ വാഹനം വരുമ്പോൾ റോഡിലേക്ക് ഇറങ്ങാൻ കഴിയാത്ത വിധം പ്രതിഷേധക്കാരെ തടഞ്ഞു.
അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ഗവർണറുടെ വാഹനം ഉള്ളിലേക്ക് കയറി. വി.ഐ.പി ഗസ്റ്റ് ഹൗസായ കാഡമം ഒന്നാം മുറിയിലാണ് ഗവർണറുടെ താമസം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സമാനമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിത്. കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ 300 പൊലീസുകാരാണ് സുരക്ഷ നൽകുന്നത്. ഇന്ന് രാവിലെ മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ ചടങ്ങിൽ ഗവർണർ പങ്കെടുക്കും. രാവിലെ 10ന് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് പരിപാടി. ശേഷം ഗസ്റ്റ് ഹൗസിലേക്ക് തിരിക്കും. നാളെ വൈകിട്ട് 3.30ന് സനാതന ധർമപീഠം ആൻഡ് ഭാരതീയ വിചാരകേന്ദ്രം ചെയർ സംഘടിപ്പിക്കുന്ന സെമിനാറാണ് ഗവർണറുടെ ഔദ്യോഗിക പരിപാടി.
പ്രതിഷേധക്കാരെ അയക്കുന്നത്
മുഖ്യമന്ത്രി: ഗവർണർ
കോഴിക്കോട്: മുഖ്യമന്ത്രി അയക്കുന്ന ആളുകളാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . കോഴിക്കോട്ട് വന്നാൽ ശരിയാക്കിക്കളയും എന്നൊക്കെയായിരുന്നു ഭീഷണി. താനൊരു പ്രതിഷേധവും കണ്ടില്ലെന്ന് ഗവർണർ പരിഹസിച്ചു. സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. പ്രതിഷേധമുണ്ടായാൽ ഇനിയും പുറത്തിറങ്ങും. മുഖ്യമന്ത്രി കണ്ണൂരു നിന്നുള്ളയാളാണ്. കണ്ണൂരിന്റെ സംസ്‌കാരം നമുക്കറിയാം. അവിടെ നിന്നാണ് മുഖ്യമന്ത്രിയുടെ സ്വഭാവവും രൂപപ്പെടുന്നത്. കേരളത്തിൽ കാവി വത്ക്കരണം എന്ന് എങ്ങനെ പറയാനാകും? ആയിരക്കണക്കിന് അമ്പലങ്ങളുള്ള നാടാണ് കേരളം. കാവി വത്ക്കരണമെന്ന് പറഞ്ഞ് അമ്പലങ്ങൾ പൊളിച്ച് നീക്കാനാകുമോ?
ആരൊക്കെ എതിർത്താലും നിശ്ചയിച്ച പരിപാടികൾക്കെല്ലാം പോകുമെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |