കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിൽ ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേര് കൊത്തിയ ശിലാഫലകങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് നൽകിയത്.തൃശൂർ നെയ്തലക്കാവ് ക്ഷേത്രത്തിലെ തുലാഭാരത്തട്ടിൽ അതു സംഭാവന ചെയ്ത ചേറ്റുപുഴ സ്വദേശി വിജയന്റെ പേര് നീക്കം ചെയ്തതു പുനഃസ്ഥാപിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് നിർദ്ദേശിച്ചതിനെതിരെ ക്ഷേത്രോപദേശക സമിതി നൽകിയ ഹർജി പരിഗണിക്കവെ ആണ് ക്ഷേത്രഗോപുരത്തിൽ ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേരു കൊത്തിയ ശിലാഫലകമുള്ളതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ക്ഷേത്രോപദേശക സമിതിയംഗങ്ങളുടെ പേര് കൊത്തിയ ശിലാഫലകങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. തുലാഭാരത്തട്ടിലെ പേരു പുനഃസ്ഥാപിക്കുന്ന വിഷയം ജൂണിൽ പരിഗണിക്കാൻ മാറ്റി.
വിധിപ്പകർപ്പുകൾ ഓൺലൈനിൽ:
ഏപ്രിൽ 10ന് ഉദ്ഘാടനം
കൊച്ചി: ഹൈക്കോടതിയിലെ കമ്പ്യൂട്ടർവത്കരണത്തിന്റെ ഭാഗമായി വിധിപ്പകർപ്പുകളുടെ സർട്ടിഫൈ ചെയ്ത പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കുന്നതടക്കമുള്ള നടപടികൾക്ക് ഏപ്രിൽ പത്തിന് തുടക്കമാവും. വിജിലൻസ് കോടതികളിലെ കേസിന്റെ സ്ഥിതിയടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന സംവിധാനവും ഇതിനൊപ്പം തുടങ്ങും.
ഏപ്രിൽ പത്തിന് വൈകിട്ട് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ, വിജിലൻസ് കോടതികളിലെ കേസുകളുടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിധിപ്പകർപ്പുകൾ ഓൺലൈനിൽ ലഭ്യമാക്കുന്ന പദ്ധതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് എസ്.വി. ഭട്ടി അദ്ധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഓൺലൈൻ സംവിധാനം നടപ്പാക്കുന്നത്. പരാതി ഓൺലൈനായി നൽകാനും സൗകര്യമുണ്ടാകും. ഈ സെക്ഷൻ കമ്പ്യൂട്ടർവത്കരിക്കുന്നതോടെ ഹൈക്കോടതി ഉത്തരവുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷ നൽകിയാലുടൻ ലഭ്യമാക്കും. ഇത്തരമൊരു സംവിധാനം കോടതിയിൽ നടപ്പാക്കുന്നത് ഇന്ത്യയിൽ ആദ്യമായാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |