
കൊച്ചി: കിഫ്ബി മസാല ബോണ്ടിൽ ഇ.ഡിയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൈക്കോടതിയിൽ ഹർജി നൽകി. കിഫ്ബി ചെയർമാൻ എന്ന നിലയിൽ പിഴ ഈടാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണിത്. കിഫ്ബി വൈസ് ചെയർമാനായിരുന്ന മുൻ ധനമന്ത്രി തോമസ് ഐസക്ക്, സി.ഇ.ഒ ഡോ. കെ.എം.എബ്രഹാം എന്നിവരും കക്ഷികളാണ്. ഇന്ന് ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് പരിഗണിക്കും.
ഫെമ നിയമലംഘനമുണ്ടെന്ന ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസയച്ചത്. ഇ.ഡിയുടെ പരാതി നിയമപരമായും വസ്തുതാപരമായും നിലനിൽക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഹർജിയിലെ വാദം.
മസാല ബോണ്ടിൽ നിന്നുള്ള ഫണ്ട് ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നാണ് ആരോപണം. അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത് അനുവദനീയമാണെന്നും അതിൽ നിയമലംഘനമില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജിയിൽ തീർപ്പാകുംവരെ കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
കിഫ്ബിയുടെ ഹർജിയിൽ നോട്ടീസിലെ തുടർനടപടികൾ സിംഗിൾബെഞ്ച് സ്റ്റേ ചെയ്തിരുന്നെങ്കിലും വ്യക്തിഗത നോട്ടീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഹർജി സമർപ്പിച്ചത്.
ഇ.ഡി അപ്പീൽ നൽകി
കൊച്ചി: മസാല ബോണ്ടിൽ വിദേശ നാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനമുണ്ടെന്ന കണ്ടെത്തലിൽ വിശദീകരണം തേടി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി അപ്പീൽ നൽകി.
ഫെമ ലംഘനമുണ്ടെന്ന റിപ്പോർട്ടിൽ കാരണം കാണിക്കൽ നോട്ടീസാണ് നൽകിയതെന്നും തുടർനടപടികൾ തടഞ്ഞ നടപടി നിയമപരമല്ലെന്നുമാണ് ഇ.ഡിയുടെ വാദം. കാരണം കാണിക്കൽ നോട്ടീസിൽ തർക്കം ഉന്നയിക്കാൻ ഫെമ നിയമത്തിൽ അപ്പലേറ്റ് അതോറിറ്റിയുണ്ട്. ഇത് കണക്കിലെടുക്കാതെയുള്ള സിംഗിൾ ബെഞ്ച് നടപടി തെറ്റാണെന്നാണ് അഡ്വ. ജയ്ശങ്കർ വി. നായർ വഴി ഫയൽ ചെയ്തി അപ്പീലിൽ ഇ.ഡി വിശദീകരിക്കുന്നത്. അപ്പീൽ അടുത്ത ദിവസം ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |