
കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. ജലക്ഷാമം രൂക്ഷമായ എലപ്പുള്ളിയിൽ പ്ലാന്റ് വരുന്നത് ജീവിതം ദുരിതപൂർണമാക്കുമെന്ന പൊതുതാല്പര്യ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകിയാൽ പരിഗണിക്കുന്നതിന് വിധി തടസമല്ലെന്നും വ്യക്തമാക്കി.
സർക്കാർ വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്ലാന്റ് കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്നു പറഞ്ഞാണ് അനുമതി വാങ്ങിയതെങ്കിലും അഞ്ചു കിലോമീറ്റർ അകലെയുള്ള എലപ്പുള്ളി പഞ്ചായത്തിൽ സ്ഥാപിക്കാനാണ് തീരുമാനമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
500 കിലോ ലിറ്റർ (കെ.എൽ) ശേഷിയുള്ള എത്തനോൾ കം മൾട്ടിഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി തുടങ്ങിയവ സ്ഥാപിക്കാനാണ് അനുമതി തേടിയത്. 2024 ഫെബ്രുവരി ആറിന് ശുപാർശചെയ്തുകൊണ്ട് എക്സൈസ് കമ്മിഷണർ അയച്ച കമ്പനിയുടെ അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു. അബ്കാരി ചട്ടപ്രകാരം ഡിസ്റ്റിലറികളും ബ്രൂവറികളും സ്ഥാപിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി കമ്മിഷണർ തേടണമെന്ന് കോടതി പറഞ്ഞു. 2023 നവംബർ 30നു കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സർക്കാരിനോട് കമ്മിഷണർ ശുപാർശ ചെയ്തത് മുൻകൂർ അനുമതിയായേ കാണാനാകൂ എന്നും വ്യക്തമാക്കി.
ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ എം.ആർ. ഹരിരാജ്, അഡ്വ. തോമസ് ജേക്കബ്, പി.എസ്. ബിജു എന്നിവർ ഹാജരായി.
ബ്രുവറി: സർക്കാർ
തെറ്റ് ചെയ്തെന്ന്
കോടതി പറഞ്ഞില്ല: മന്ത്രി
പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കാനുള്ള പ്രാഥമികാനുമതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിൽ ആർക്കും ആഘോഷിക്കാൻ വകുപ്പില്ലെന്ന് മന്ത്രി എംബി.
രാജേഷ്.
മന്ത്രിസഭ നൽകിയ പ്രാഥമികാനുമതി കോടതി റദ്ദാക്കിയത് സാങ്കേതിക കാര്യത്തിന്റെ പേരിൽ. സർക്കാരിനെതിരെ വിമർശനമോ കുറ്റപ്പെടുത്തലോ ഇല്ല. തീരുമാനം നിയമപരമായിരുന്നുവെന്ന് കോടതി അംഗീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായതായി പറഞ്ഞിട്ടില്ല.. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് പ്രാഥമിക അനുമതിയെന്ന ആരോപണത്തോടും കോടതി യോജിക്കുന്നില്ല. വെള്ളം കൊടുക്കാമെന്ന് ആദ്യം അറിയിച്ചിരുന്ന വാട്ടർ അതോറിറ്റി, പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പിന്നോട്ട് പോയി. എന്തുകൊണ്ട് പിൻമാറിയെന്ന് പറയേണ്ടത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരാണ്.
ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ വന്നാൽ പരിഗണിക്കാൻ തടസമില്ല. ഒരു തുള്ളി ഭൂഗർഭ ജലം ഊറ്റാൻ അനുവദിക്കില്ല. സർക്കാർ നടപടി നിയമപരമാണെന്ന് കോടതിയിൽ തെളിയിക്കപ്പെട്ടതായി മന്ത്രി പറഞ്ഞു.
ബ്രുവറിക്ക്അനുമതി
നിഷേധിച്ച ഉത്തരവ്
സ്വാഗതാർഹം: ചെന്നിത്തല
തിരുവനന്തപുരം: കുടിവെള്ള ക്ഷാമം കൊണ്ടു നട്ടം തിരിയുന്ന പാലക്കാട് ഏലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല. കേരളത്തെ മുഴുവൻ മദ്യലോബിക്ക് തീറെഴുതാൻ ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ താൻ നടത്തിയ പോരാട്ടം ഫലം കണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2018 ലാണ് പാലക്കാട് ഏലപ്പുള്ളിയിൽ പ്രതിവർഷം അഞ്ച് ലക്ഷം ഹെക്ടാ ലിറ്റർ ബിയർ ഉൽപ്പാദിക്കാനുള്ള അനുമതി അപ്പോളോ ഡിസ്റ്റലറീസെന്ന സ്വകാര്യ കമ്പനിക്ക് നൽകിയത്.ഉടനെ മദ്യ ലോബിയും സർക്കാരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങൾക്ക് മുന്നിൽ താൻ കൊണ്ടുവന്നു. കടുത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയരുകയും സർക്കാരിന് തിരുമാനത്തിൽ നിന്നും യുടേൺ അടിക്കേണ്ടി വരുകയും ചെയ്തു.ഒരു പഠനം പോലും നടത്താതെയാണ് ബ്രൂവറിക്ക് പിണറായി സർക്കാർ അനുമതി നൽകിയത്. തൊട്ടടുത്ത് പ്ളാച്ചിമടയിൽ കൊക്കോക്കോളക്കെതിരെ സമരം നടത്തി ഫാക്ടറി പൂട്ടിച്ചെന്ന് മേനി നടിക്കുന്നവരാണ് കുടിവെള്ളമൂറ്റുന്ന ഈ ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് ചെന്നിത്തല പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |