കൊച്ചി: കേരള സമൂഹത്തിൽ സ്ത്രീകൾക്കാണ് ഭൂരിപക്ഷമെന്നും അവരുടെ അന്തസ് കളങ്കപ്പെടാൻ ഇടവരരുതെന്നും ഹൈക്കോടതി. ഏതു മേഖലയിലായാലും വനിതകളെ മാനിക്കാത്ത പ്രവണതയുണ്ടായാൽ ഇടപെടണം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് നിർദ്ദേശം.
ലൈംഗികാതിക്രമം ഉൾപ്പെടെ ഒട്ടേറെ സംഭവങ്ങളാണ് റിപ്പോർട്ടിൽ വിവരിക്കുന്നത്. ഉയർന്ന സാക്ഷരതയുള്ള കേരളത്തിന് ഇത് യോജിച്ചതല്ല. സംസ്ഥാനത്ത് പിറന്നുവീഴുന്നവരിൽ ഏറെയും പെൺകുഞ്ഞുങ്ങളാണ്. ആയുർ ദൈർഘ്യത്തിലും സ്ത്രീകളാണ് മുന്നിൽ. അവർ അപമാനിക്കപ്പെടാനും വിവേചനം നേരിടാനും പാടില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. തൊഴിൽ പ്രശ്നങ്ങളടക്കം പഠിക്കാൻ വീണ്ടുമൊരു കമ്മിറ്റിയെ വയ്ക്കുന്ന സ്ഥിതിയുണ്ടാകരുത്. വനിതകൾ നേരിടുന്ന വിവേചനം പരിഹരിക്കാൻ ആവശ്യമായ നിയമനിർമ്മാണം ആലോചിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധയും നിർദ്ദേശിച്ചു.
റിപ്പോർട്ട് പരിശോധന
നടപടി കണ്ടിട്ട്
ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ എത്തിച്ചെങ്കിലും ഹൈക്കോടതി തുറന്ന് പരിശോധിച്ചില്ല. അത് തത്കാലം അഡ്വ. ജനറൽ ഓഫീസിൽ സൂക്ഷിക്കാനാണ് നിർദ്ദേശിച്ചത്. റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിച്ചെന്ന് അന്വേഷണസംഘം രണ്ടാഴ്ചയ്ക്കകം സർക്കാരിനെ അറിയിക്കണം. തുടർന്ന് സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്യണം. അതിന് ശേഷമാകും ഹൈക്കോടതി റിപ്പോർട്ട് പരിശോധിക്കുക.
ലിംഗസമത്വ നിയമവും
പരാതി പോർട്ടലും
വേണം: വനിതാ കമ്മിഷൻ
കൊച്ചി: സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ലിംഗഭേദം തടയുന്ന നിയമം നിർമ്മിക്കാനും ഫിലിം ഇൻഡസ്ട്രി സേഫ്റ്റി ആൻഡ് കംപ്ലയൻസ് പോർട്ടൽ രൂപീകരിക്കാനും
സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിക്കണമെന്ന് വനിതാ കമ്മിഷൻ. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ കക്ഷി ചേർത്തതിനെ തുടർന്നാണ് കമ്മിഷൻ ഈ ആവശ്യം ഉന്നയിച്ചത്. സ്വകാര്യത സംരക്ഷിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്നാണ് നിലപാടെന്നും കമ്മിഷൻ കോടതിയെ ബോധിപ്പിച്ചു.
ഹേമ കമ്മിറ്റി: ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്ത് ഗവർണർ
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവച്ച കവറിൽ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതി നിർദ്ദേശം സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മലയാള സിനിമയിൽ സ്ത്രീകൾ ചൂഷണത്തിനിരയായെന്നത് വസ്തുതയാണ്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ മൂന്ന് വർഷം നടപടിയെടുത്തില്ലെന്ന കോടതിയുടെ വിമർശനത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
പിണറായി പരാജയം:
വി.മുരളീധരൻ
ന്യൂഡൽഹി : ഹേമ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി സർക്കാരിനെതിരെ നടത്തിയ പരാമർശങ്ങൾ ആഭ്യന്തരവകുപ്പിന്റെ സമ്പൂർണ പരാജയമാണ് കാണിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് പിണറായി ഇത്രയുംകാലം ശ്രമിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ ഹൈക്കോടതിയുടെ വിമർശനം യാഥാർത്ഥ്യം ഉൾക്കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ആരോപണവിധേയരിൽ പലരും സി.പി.എം ബന്ധമുള്ളവരായതു കൊണ്ടാണ് നടപടിയെടുക്കാത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹൈക്കോടതിയുടെ പരാമർശം പ്രതിപക്ഷ വാദത്തിന് അടിവരയിടുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
നിയമപ്രശ്നങ്ങൾ പരിഹരിച്ചു,
സർക്കാരിന് എളുപ്പമായി: എ.കെ.ബാലൻ
പാലക്കാട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വകാര്യത ഉറപ്പുവരുത്തി തുടർനടപടികളിലേക്ക് പോവുന്നതിന് സർക്കാരിനുള്ള നിയമപ്രശ്നങ്ങൾ ഇപ്പോൾ പരിഹരിക്കപ്പെട്ടുവെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |