
തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുൻസിപ്പാലിറ്റികളിലെ ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ പത്തുമണിയോടെ മേയർ, ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുശേഷം ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നടക്കും. പഞ്ചായത്തുകളിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നാളെയാണ്.
സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. കണ്ണൂർ, കൊച്ചി, തൃശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയർ പദവി. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയറുണ്ടാവുക. വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിൻതാങ്ങുകയും വേണം.
സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിർദേശം ചെയ്യുകയോ പിൻതാങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ അതിൽ ഒരാൾക്ക് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയാൽ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കിൽ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.
അതേസമയം, തലസ്ഥാനത്ത് ചരിത്രത്തലാദ്യമായി ഭരണത്തിലേറുന്ന ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി. രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പായത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ പിന്തുണ അറിയിച്ചത്.
ബുധനാഴ്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പാറ്റൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നു. വികസിത അനന്തപുരിയെന്ന ആശയവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് രാധാകൃഷ്ണന്റെ കാഴ്ചപ്പാടെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേസമയം, മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് കരുതി അഞ്ച് വര്‍ഷവും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ലെന്നാണ് രാധാകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പിന് മാത്രമാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |