
കൊച്ചി: കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപ്പാതയ്ക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വിദഗ്ദ്ധരുടെ പരിശോധനാറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ചാണ് അനുമതിയെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. വയനാട് പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഹർജി നൽകിയത്.
സെൻട്രൽ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെയടക്കം അനുമതി തുരങ്കപ്പാതയ്ക്കുണ്ട്. സർക്കാരിന്റെ നയതീരുമാനങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനേ കോടതിക്ക് കഴിയൂ. വിദഗ്ദ്ധരുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനാകില്ല. എന്നാൽ പദ്ധതിയുടെ ഒരോഘട്ടത്തിലും സർക്കാരിന്റെ മേൽനോട്ടമുണ്ടാകണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. വയനാട്ടുകാർക്കുള്ള തൊഴിൽ വാഗ്ദാനം പാലിക്കണം. പദ്ധതി നിർവഹണഘട്ടത്തിൽ അപാകത ശ്രദ്ധയിൽപ്പെട്ടാൽ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |