
കൊച്ചി: ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോയെന്ന് ഹൈക്കോടതി. ജനങ്ങളുടെ പണമാണെന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ. ദൈവത്തിന്റെ പേരിലാണ് തരുന്നതെന്നും അതിന് ഭഗവാനോടെങ്കിലും കടപ്പാട് കാണിക്കൂയെന്നും കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കുത്തഴിഞ്ഞ പോക്കിലാണ് ഹൈക്കോടതി ഇത്തരത്തിൽ കടുത്ത അതൃപ്തിയും അമ്പരപ്പും പ്രകടിപ്പിച്ചത്.
നിലയ്ക്കലിൽ സ്വാമി അയ്യപ്പന്റെ പേരിലുള്ള പെട്രോൾ പമ്പിൽപോലും 40 ലക്ഷത്തിന്റെ ക്രമക്കേട്. രേഖകൾ കൈമാറാത്തതിനാൽ ഒരു സാമ്പത്തിക വർഷത്തെ ഓഡിറ്റ് അഞ്ചുകൊല്ലം നീളുന്നു. ആരോട് പറയാൻ...
നിലയ്‌ക്കൽ പമ്പിന്റെ കളക്ഷനിലെ കുറവ്, ഓഡിറ്റ് തടസം കാരണം റിട്ട. ഉദ്യോഗസ്ഥന് പെൻഷൻ മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച്.
ബോർഡിന്റെ കണക്കുകളിൽ സുതാര്യത ഉറപ്പാക്കണം. ഇതിന് സമഗ്ര ഡിജിറ്റലൈസേഷൻ വേണം. ടെക്നിക്കൽ കമ്മിറ്റി ഉടൻ ചേരണം. സുതാര്യ സോഫ്റ്റ്‌വെയർ സജ്ജമാക്കി ഒരു മാസത്തിനകം അറിയിക്കണം. ഇക്കാര്യങ്ങൾ നിർദ്ദേശിക്കവേയാണ് ആരുടെ പണമാണ് ലഭിക്കുന്നതെന്ന് കമ്പ്യൂട്ടറൈസേഷന്റെ ചുമതലയുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറോട് ബെഞ്ച് ആരാഞ്ഞത്.
ഇപ്പോഴും കടലാസ് വൗച്ചർ ഉപയോഗിക്കുന്നതാണ് കണക്കിൽ പൊരുത്തക്കേടുണ്ടാകാൻ പ്രധാന കാരണമെന്ന് കോടതി നേരത്തേ വിലയിരുത്തിയിരുന്നു. കരിമ്പട്ടികയിൽപ്പെട്ടവർ കരാറിനെത്തിയാൽ ഉടനടി കണ്ടെത്തി നടപടിക്കും നിർദ്ദേശിച്ചിരുന്നു.
ഓഡിറ്രിംഗിന് നൽകും
രേഖയില്ലാ റിപ്പോർട്ട്
വാർഷിക ഓഡിറ്റിംഗ് അഞ്ചുവർഷം വരെ നീളുന്നതിന്റെ കാരണം നേരിൽ ഹാജരായ ഓഡിറ്റ് വകുപ്പ് ഡയറക്ടർ വിശദീകരിച്ചു. സമർപ്പിക്കുന്ന റിപ്പോർട്ടിൽ പ്രധാന രേഖകൾ പലതുമുണ്ടാകില്ല. ചോദിച്ചാൽ നഷ്ടപ്പെട്ടെന്ന് പറയും. 2020ലെ ഓഡിറ്റിംഗാണ് ഇപ്പോൾ നടക്കുന്നത്. 2021- 22നുശേഷം ബോർഡ് വാർഷിക റിപ്പോർട്ട് കൈമാറിയിട്ടില്ല. ബോർഡിന് കീഴിൽ 1,250 ക്ഷേത്രങ്ങളും മറ്റ് സ്ഥാപനങ്ങളുമുണ്ട്.
ഫോട്ടോ ഇടുന്നതല്ല
ഡിജിറ്റലൈസേഷൻ
ഓൺലൈൻ പണമിടപാടിന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) നടപ്പാക്കുമെന്നു പറഞ്ഞ പഴഞ്ചൻ രീതിയെയും കോടതി വിമർശിച്ചു
അമ്പലങ്ങളുടെ ഫോട്ടോ ഓൺലൈനിൽ ഇടുന്നതല്ല ഡിജിറ്റലൈസേഷൻ. 2025ന് യോജിച്ച സോഫ്റ്റ്‌വെയറാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു
തമിഴ്നാട് മോഡൽ ഒരുക്കാൻ സൈബർ വിദഗ്ദ്ധൻ ഡോ. വിനോദ് ഭട്ടതിരിപ്പാടിനെ ചീഫ് അഡ്വൈസറായി നിയോഗിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചപ്പോഴാണിത്
തമിഴ്നാട് എൻ.ഐ.സി ഉദ്യോഗസ്ഥനും ഡോ. വിനോദും വീഡിയോ കോൺഫറൻസിൽ ഹാജരായി. പ്രസാദം, വഴിപാട് പണം ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയാണെന്ന് വിശദീകരിച്ചു
ഇത് 15 വർഷം മുമ്പത്തെ രീതിയാണെന്നും യു.പി.ഐ ഇടപാടിന് പോലും കഴിയാത്ത സംവിധാനം ഫലവത്താകില്ലെന്നും കോടതി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |