
കൊച്ചി: കേരള സർവകലാശാല സെനറ്റിലേയ്ക്ക് വിദ്യാർത്ഥികളെ നിർദേശിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ടി ആർ രവിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സെനറ്റിലേയ്ക്ക് ഗവർണർ നാല് വിദ്യാർത്ഥികളെയാണ് നാമനിർദേശം ചെയ്തത്. യോഗ്യതയുള്ളവരെ അവഗണിച്ചാണ് ഗവർണർ വിദ്യാർത്ഥികളെ നാമനിർദേശം ചെയ്തതെന്നാണ് ആരോപണം. സർക്കാർ- ഗവർണർ പോര് മുറുകുന്നതിനിടെയാണ് ഗവർണർക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ് എത്തിയിരിക്കുന്നത്.
കേരള, കാലിക്കറ്റ് സർവകലാശാലകളിൽ സർക്കാരിന്റെ പാനൽ നിരസിച്ച് സ്വന്തം നിലയിൽ അംഗങ്ങളെ നിയോഗിച്ചത് ഗവർണർക്കെതിരായ എസ്‌എഫ്‌ഐ പ്രതിഷേധത്തിന് കാരണമായിരുന്നു. തിരുവനന്തപുരത്ത് മൂന്നിടത്തായി പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുകയും ചെയ്തു.
ഗവർണറുടെ നാമനിർദ്ദേശത്തോടെ കേരളയിൽ രണ്ടും കാലിക്കറ്റിൽ ഒന്നും സിൻഡിക്കേറ്റംഗങ്ങളെ ജയിപ്പിച്ചെടുക്കാൻ ബിജെപിയ്ക്ക് സാധിക്കുമെന്ന നിലയിലായിരുന്നു കാര്യങ്ങൾ. കേരള സർവകലാശാലാ സെനറ്റിലേയ്ക്ക് സർക്കാർ നൽകിയ പാനൽ അപ്പാടെ തള്ളിക്കളഞ്ഞാണ് ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം നടത്തിയത്. കേരള, കാലിക്കറ്റ് സെനറ്റ് തിരഞ്ഞെടുപ്പ് പൂർത്തിയായിട്ട് ആറു മാസമായെങ്കിലും ഗവർണറുടെ നാമനിർദ്ദേശം വൈകിയതുമൂലം സിൻഡിക്കേറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നിട്ടില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |