കൊച്ചി: എയ്‌ഡഡ് സ്കൂളുകളിലെ അദ്ധ്യാപക ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാതെ 2018 നവംബർ 18നു ശേഷമുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്ന സിംഗിൾബെഞ്ചിന്റെ വിധിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭേദഗതി വരുത്തി.2018 നവംബർ 18 നും 2021 നവംബർ എട്ടിനുമിടയിലുള്ള ഒഴിവുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകാതെ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ ഇവർക്ക് താത്കാലിക അംഗീകാരം നൽകണം. ഭിന്നശേഷിക്കാരിൽ യോഗ്യതയുള്ള വ്യക്തിക്ക് നിയമനം നൽകുന്നതു വരെയാണ് ഈ നിയമനം. ഇവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണം.
ഭിന്നശേഷി വിഭാഗത്തിൽ നിന്ന് മതിയായ യോഗ്യതയുള്ള വ്യക്തി എത്തിയില്ലെങ്കിൽ താത്കാലിക അംഗീകാരം ലഭിച്ചവരെ സ്ഥിരപ്പെടുത്തണം. യോഗ്യതയുള്ള വ്യക്തി എത്തിയാൽ താത്കാലിക നിയമനം ലഭിച്ചവരെ അടുത്തു വരുന്ന ഒഴിവിലേക്കോ അതേ മാനേജ്മെന്റിന്റെ കീഴിലുള്ള മറ്റു സ്കൂളുകളിലെ ഒഴിവിലേക്കോ പരിഗണിക്കണം. 2021 നവംബർ എട്ടിനുശേഷമുള്ള ഒഴിവുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതുവരെ മാനേജർമാർക്ക് അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാം. സ്‌കൂൾ മാനേജർമാരും നിയമനം ലഭിച്ച അദ്ധ്യാപകരുമടക്കം നൽകിയ എൺപതോളം അപ്പീലുകൾ തീർപ്പാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ വിധി പറഞ്ഞത്.
ഭിന്നശേഷിക്കാരെ ലഭിക്കില്ലെന്ന് വാദം
ഓരോ വർഷവും എയ്‌ഡഡ് സ്കൂളുകളിൽ 3,500 ഒഴിവുകളുണ്ടാവുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, സംവരണമനുസരിച്ചുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താൻ ഭിന്നശേഷി വിഭാഗക്കാരെ ലഭിക്കുന്നില്ലെന്ന് മാനേജർമാരും അദ്ധ്യാപകരും വാദിച്ചു. സ്‌കൂൾ മാനേജർമാരും നിയമനം ലഭിച്ച അദ്ധ്യാപകരുമടക്കം നൽകിയ എൺപതോളം അപ്പീലുകൾ തീർപ്പാക്കിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവർ വിധി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |