കൊച്ചി: അഴിമതിക്കേസുകളിലെ പ്രതികളോട് ഉദാര സമീപനം പാടില്ലെന്നും വിചാരണക്കോടതികൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ഹൈക്കോടതി. അഴിമതി രാജ്യ പുരോഗതിയെ തടയുന്ന സാമൂഹിക വിപത്താണെന്നും പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.വ്യാജ മെഡിക്കൽ പി.ജി സർട്ടിഫിക്കറ്റ് കേസിൽ വനിതാ ഡോക്ടർക്ക് മുൻകൂർ ജാമ്യം നിഷേധിച്ച ഉത്തരവിലാണ് നിരീക്ഷണം.
കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസിൽ മുൻകൂർ ജാമ്യം തേടി ആലപ്പുഴ വാരനാട് സ്വദേശി ഡോ. ടി.എസ്. സീമയാണ് ഹൈക്കോടതിയെ സമീപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ഹർജിക്കാരി, വ്യാജ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് ചേർത്തല, കരുനാഗപ്പള്ളി താലൂക്കാശുപത്രികളിൽ ജോലി ചെയ്തത്. മഹാരാഷ്ട്ര ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ പേരിൽ ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജിയിലായിരുന്നു വ്യാജ സർട്ടിഫിക്കറ്റ്. 2019 നവംബറിൽ കൊല്ലം സ്വദേശികളായ ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് സീമയ്ക്കെതിരെ അന്വേഷണം വന്നത്. ഗുരുതര സ്വഭാവമുള്ള കേസായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
കേസിൽ ഹർജിക്കാരിയുടെ അറസ്റ്റും, കസ്റ്റഡിയിൽ ചോദ്യം ചെയ്യലും അനിവാര്യമായതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഉടൻ കീഴടങ്ങാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |