തുടർനടപടിക്ക് തത്കാല വിലക്ക്
കൊച്ചി: കേരളത്തിലെ 131 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തി പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി. ഹർജി വീണ്ടും പരിഗണിക്കുന്ന ഒക്ടോബർ നാലുവരെ തുടർനടപടികൾ നീട്ടിവയ്ക്കാനും ജസ്റ്റിസ് വി.ജി. അരുൺ നിർദ്ദേശിച്ചു. പാലാ സ്വദേശി തോമസ് കെ. ജോർജടക്കം നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ജൂലായ് 31നാണ് കേന്ദ്ര സർക്കാർ കരട് വിജ്ഞാപനമിറക്കിയത്. വിജ്ഞാപനത്തിന്റെ മലയാള പരിഭാഷയും പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് ശേഷം ബന്ധപ്പെട്ട കക്ഷികളെയും കേട്ട് വേണം തീരുമാനമെടുക്കാനെന്നും നിർദ്ദേശിച്ചിരുന്നു. ഇതുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളുടെ വ്യക്തമായ മാപ്പും പ്രസിദ്ധീകരിച്ചിട്ടില്ല. ഉൾപ്പെടുത്തേണ്ടത് ഏതെല്ലാം വില്ലേജുകളാണെന്ന് സംസ്ഥാനം ശുപാർശ നൽകിയിട്ടില്ല. ഹർജിക്കാർക്ക് ഭൂമിയുള്ള പൂഞ്ഞാർ തെക്കേക്കര വില്ലേജും തീക്കോയി വില്ലേജും വിജ്ഞാപന പ്രകാരം പരിസ്ഥിതി ലോല മേഖലയിലാണ് വരുന്നതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |