തിരുവനന്തപുരം: രവി പിള്ള ചേട്ടനെ ഓർക്കുമ്പോൾ 'ദി ഗോൾ ഈസ് നോട്ട് ടു ഗെറ്റ് റിച്ച്, ദി ഗോൾ ഈസ് ടു ലിവ് റിച്ച്'എന്ന ചൊല്ലാണ് ഓർമവരുന്നതെന്ന് നടൻ മോഹൻലാൽ. ഒരാൾ കോടീശ്വരനോ ശതകോടീശ്വരനോ ആകുന്നത് ആഡംബരം കൊണ്ടല്ല. മറിച്ച് അർഹിക്കുന്നവർക്കും അശരണർക്കും നേടിയതിന്റെ ഒരു ഭാഗം തിരികെ നൽകുന്നതിലൂടെയാണ്. അത് അദ്ദേഹം ഏറ്റവും മനോഹരമായി ചെയ്യുന്നു. അതിന്റെ ഒരു നന്മയും ഐശ്വര്യവും അദ്ദേഹത്തിനും കുടുംബത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
"കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യം അനുദിനം വികസിപ്പിക്കുന്നു. അതറിയണമെങ്കിൽ പ്രവാസി മലയാളികളോട് അന്വേഷിക്കണം. അദ്ദേഹം ഒരുപാട് പേർക്ക് തൊഴിലവസരങ്ങളുണ്ടാക്കിക്കൊടുക്കുന്നയാളാണ്. രവിപിള്ള ചേട്ടന്റെ മനസിൽ എനിക്കും എന്റെ കുടുംബത്തിനും ഒരു സ്ഥാനമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.'- അദ്ദേഹം പറഞ്ഞു.
ബഹ്റിൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയതിന് കേരളം രവി പിള്ളയ്‌ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.അതേസമയം, ഇന്ത്യക്കാർക്ക് ഇനിയും കൂടുതൽ തൊഴിലവസരം നൽകുന്നതിനും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും സന്നദ്ധ പ്രവർത്തനത്തിനുമുള്ള അവസരമായി സംസ്ഥാന സർക്കാർ നൽകിയ സ്വീകരണത്തെ കാണുന്നതായി രവി പിള്ള പറഞ്ഞു.
നിർദ്ധന വിദ്യാർത്ഥികൾക്ക് അടുത്ത അമ്പതു വർഷം സ്‌കോളർഷിപ്പ് നൽകുന്നതിനായി രവി പിള്ള അക്കാഡമി 525 കോടി നീക്കിവച്ചിട്ടുണ്ട് . 2025 മുതൽ 2075 വരെ സ്കോളർഷിപ്പ് നൽകാനാണിത്.ഓരോ വർഷവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 1500 കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. ഇതിനായി ഓരോ വർഷവും 10.50 കോടി രൂപ നീക്കിവച്ചു. സ്‌കോളർഷിപ്പ് വിതരണത്തിനായി ഈ തുക ഓരോ വർഷവും ആഗസ്റ്റിൽ നോർക്കയ്ക്ക് കൈമാറും. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സെപ്തംബറിൽ നോർക്ക തുക വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |