കൊച്ചി: കോൺട്രാക്ട് കാര്യേജ് ബസുകളിലെ അധിക ഫിറ്റിംഗുകളും ദീപവിതാനങ്ങളും ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. അതേ ബസിലുള്ളവർക്കും മറ്റ് യാത്രക്കാർക്കും സുരക്ഷാഭീഷണിയാണിത്.
ഇത്തരം ബസുകൾ എങ്ങനെ രജിസ്ട്രേഷൻ നേടിയെന്നതിൽ സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും അത് ലംഘിച്ച് വാഹന രൂപമാറ്റം നടത്തുന്നവർ പ്രത്യാഘാതം നേരിടണം. രജിസ്ട്രേഷനും ഫിറ്റ്നെസും റദ്ദാക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നൽകി.
കണ്ണഞ്ചിപ്പിക്കുന്ന ദീപവിതാനങ്ങളുമായി സർവീസ് നടത്തിയിരുന്ന കൊട്ടാരക്കരയിലെ രണ്ടു കോൺട്രാക്ട് ക്യാരേജുകളിൽ കോടതി നിർദ്ദേശപ്രകാരം പരിശോധന നടത്തിയതായി മോട്ടോർവാഹന വകുപ്പ് അറിയിച്ചു. 67,000 രൂപ പിഴ ഈടാക്കിയെന്നും ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും ബോധിപ്പിച്ചു. വാഹന ബോഡി ബിൽഡിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടികളും വ്യക്തമാക്കി കേന്ദ്ര സർക്കാർ കോടതിയിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. വിഷയം ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |