കൊച്ചി: മുൻകൂർ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യൽ കമ്മീഷണറുടെ മുൻകൂർ അനുമതി വേണമെന്ന് ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് അനുമതി തേടാൻ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വെള്ളിയാഴ്‌ച റിപ്പോർട്ട് നൽകാൻ ദേവസ്വം ബോഡിന് ഹൈക്കോടതി നിർദേശം നൽകി.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതി ഇല്ലാതെ ഇളക്കിയെന്നാണ് സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിദേശം പാലിക്കാത്തത് ഗുരുതര വീഴ്‌ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എന്നാൽ, സംഭവത്തിൽ പിഴവുണ്ടായിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പ്രതികരിച്ചത്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് സാങ്കേതികം മാത്രമാണെന്നും സ്വർണം പൂശിയ പാളികളുടെ അടക്കം സർവാധികാരി തിരുവാഭരണം കമ്മീഷണർ ആണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ അറിവോടെ മഹസർ തയ്യാറാക്കിയാണ് ഇവ നീക്കിയിട്ടുള്ളത്. ഞങ്ങളുടെ തന്നെ കൂട്ടത്തിലെ ചിലരാണ് വാർത്തകൾക്ക് പിന്നിലെന്നും പിഎസ് പ്രശാന്ത് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |