തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മുൻനിറുത്തി സർക്കാർ നടത്തുന്ന 'അയ്യപ്പ സംഗമം' രാഷ്ട്രീയ മുതലെടുപ്പിനുള്ള കപട നാടകമാണെന്ന് വിശ്വാസികൾ തിരിച്ചറിയുമെന്ന് മുൻ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാർ. കോൺഗ്രസ് എല്ലാകാലത്തും വിശ്വാസികൾക്കൊപ്പമാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ട വിശ്വാസികളുടെയും വികാരങ്ങളെ വ്രണപ്പെടുത്താതെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുകളാണ് കോൺഗ്രസും യു.ഡി.എഫും എക്കാലവും സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ, ഇതിന് വിരുദ്ധമായ നിലപാടുകളാണ് കഴിഞ്ഞ 10 വർഷക്കാലമായി എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചു വരുന്നത്.എൽ.ഡി.എഫ് സർക്കാർ വിശ്വാസികൾക്കെതിരെ സമർപ്പിച്ച സത്യവാങ്മൂലം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആചാരലംഘനം നടത്താൻ സൗകര്യം ചെയ്തുകൊടുക്കുന്ന ആ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാകണം.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കേസ് വന്നപ്പോൾ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെയുള്ള തീരുമാനമാണ് യു.ഡി.എഫ് സർക്കാർ കൈക്കൊണ്ടത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് താൻ ദേവസ്വം മന്ത്രിയായിരിക്കെയാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഫയൽ ചെയ്തത്. ആചാരാനുഷ്ഠാനങ്ങൾ നിലനിറുത്തണമെന്നും വിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്നുമുള്ള നിലപാടാണ് കൈക്കൊണ്ടത്.
എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരിനോട് മുൻ നിലപാടാണോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടിയായി ഈ സർക്കാരിന് വ്യത്യസ്ത നിലപാടാണെന്ന് അറിയിക്കുകയും യുവതീപ്രവേശനത്തിന് അനുകൂലമായ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. ഇപ്രകാരമുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയിൽ നിന്നും അത്തരത്തിലൊരു വിധിയുണ്ടായത്. അതിന്റെ പേരിലാണ് സി.പി.എമ്മും എൽ.ഡി.എഫും ശബരിമല വിഷയം ഇത്തരത്തിൽ സങ്കീർണമാക്കിയത്. ധൃതികാണിച്ച് ഉത്തരവ് നടപ്പാക്കാനെന്ന വ്യാജേന വർഗീയ വാദികൾക്ക് സുവർണാവസരം നൽകുകയാണ് സർക്കാർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |