
തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയം അതേപടി നടപ്പാക്കാൻ തിടുക്കം കാട്ടുന്നുവെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ ഡോ.രാജൻ ഗുരുക്കളെയും കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വറുഗീസിനെയും മാറ്റിയേക്കുമെന്ന് സൂചന. ഒന്നാം പിണറായി സർക്കാർ നിയമിച്ച ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാരിന്റെയും വിലയിരുത്തൽ.
പാഠ്യപദ്ധതി പരിഷ്‌കരണ ശിൽപ്പശാലയിൽ അദ്ധ്യാപക സംഘടനകളും എസ്. എഫ്. ഐയും കൗൺസിലിനെ രൂക്ഷമായി വിമർശിച്ചു. ദേശീയ നയം നടപ്പാക്കാൻ കൗൺസിൽ കോളേജുകളെയും വാഴ്സിറ്റികളെയും നിർബന്ധിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും നയം നടപ്പാക്കാതിരിക്കുമ്പോഴാണ് ഇവിടെ അനാവശ്യ തിടുക്കമെന്നും ഇടത് അദ്ധ്യാപക സംഘടനാ നേതാക്കൾ വിമർശിച്ചു.
നാലുവർഷ ബിരുദമടക്കം ഉന്നതവിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ ചർച്ചയിലൂടെ വ്യക്തത വരുത്തിയ ശേഷമേ നടപ്പാക്കാവൂ എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ പറഞ്ഞു. ചർച്ചകളെല്ലാം അദ്ധ്യാപകരുടെ ജോലി ഭാരവും സേവന വ്യവസ്ഥകളും കേന്ദ്രീകരിച്ചാണ്. ചർച്ചകൾ വിദ്യാർത്ഥി കേന്ദ്രീകൃതമായിരിക്കണം. പരീക്ഷയും ഫലപ്രഖ്യാപനവും തോന്നുംപടിയാണ്. അതിനാൽ കോഴ്സുകൾ നീളുന്നു. സമയത്ത് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാനാവണം പ്രഥമ പരിഗണന. ആദ്യം നടപ്പാക്കേണ്ടത് പരീക്ഷാ പരിഷ്‌കരണമാണെന്നും എസ്.എഫ്.ഐ പറഞ്ഞു.
ശിൽപ്പശാലയിൽ പ്രസംഗിച്ചവരെല്ലാം കൗൺസിലിനെയും രാജൻ ഗുരുക്കളെയും എതിർത്തു.
ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആർ.ബിന്ദു രാജൻ ഗുരുക്കളോടു ശക്തമായി വിയോജിച്ചു. ദേശീയ വിദ്യാഭ്യാസനയത്തിന്റെ അന്ധമായ ആവർത്തനമോ സമാന മാതൃകയോ ആകരുത് കേരളത്തിലെ പരിഷ്കാരം. പരിഷ്കാരങ്ങൾ അൽപ്പം വൈകിയാലും ദേശീയ വിദ്യാഭ്യാസ നയത്തിനു ബദലാവാൻ നമുക്ക് കഴിയണം. ദേശീയ നയത്തിലേതു പോലെ ലാഭാധിഷ്ഠിതവും സങ്കുചിത കാഴ്ചപ്പാടുമുള്ളതാവരുത് കേരളത്തിന്റെ വിദ്യാഭ്യാസ പരിഷ്‌കാരമെന്നും മന്ത്രി പറഞ്ഞു.
കരിക്കുലം കമ്മിറ്റി
യോഗം ഇന്ന്
ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരത്തിന് സിലബസുണ്ടാക്കാനുള്ള കരിക്കുലം കമ്മിറ്റി ഇന്ന് അദ്ധ്യക്ഷൻ പ്രൊഫ. സുരേഷ് ദാസിന്റെ നേതൃത്വത്തിൽ യോഗം ചേരും. നാലുവർഷ ബിരുദമടക്കമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കുന്നത് കരിക്കുലം കമ്മിറ്റി തീരുമാനിക്കുമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |