
തിരുവല്ല : പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽവിട്ടു. 15ന് വൈകിട്ട് പ്രതിയെ ഹാജരാക്കണമെന്ന് നിർദ്ദേശിച്ച കോടതി ജാമ്യാപേക്ഷ 16ന് പരിഗണിക്കാൻ മാറ്റിവച്ചു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജഡ്ജി അരുന്ധതി ദിലീപാണ് ഉത്തരവായത്.
ഏഴ് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് എസ്.ഐ.ടി സമർപ്പിച്ചത്. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുമ്പ് ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം അഭിഭാഷകൻ അഡ്വ. അഭിലാഷ് ചന്ദ്രൻ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്നത് പാലിച്ചില്ല. കേസെടുത്തത് പോലും നടപടിക്രമങ്ങൾ പാലിക്കാതെയാണ്. ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചതും. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോദ്ധ്യപ്പെടുത്തിയില്ല. സാക്ഷികൾ വേണമെന്ന മിനിമം കാര്യങ്ങൾ പോലും പാലിച്ചില്ലെന്നും പ്രതിഭാഗം പറഞ്ഞു. അറസ്റ്റ് നോട്ടീസിൽ പ്രതി ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചപ്പോൾ അറസ്റ്റിനും വൈദ്യപരിശോധനയ്ക്കുമെല്ലാം പ്രതി സമ്മതിച്ചെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കൊണ്ടുനടന്ന് പ്രദർശിപ്പിക്കാനുള്ള ശ്രമമാണെന്നും പ്രതിഭാഗം വാദിച്ചു. അറസ്റ്റ് ചെയ്തപ്പോൾത്തന്നെ അത്യാവശ്യ സമയം കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. ചാടിക്കയറി അറസ്റ്റുചെയ്യുകയായിരുന്നെന്നും പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ദേവി എം.ജി ഹാജരായി.
ചീമുട്ടയെറിഞ്ഞ് പ്രതിഷേധം
ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും യുവമോർച്ചയുടെയും കടുത്ത പ്രതിഷേധങ്ങൾക്ക് നടുവിലൂടെയാണ് രാഹുലിനെ കോടതിയിലെത്തിച്ചത്. ചീമുട്ടയെറിഞ്ഞും പ്ലക്കാർഡുകൾ ഉയർത്തിയും നമ്പർ വൺ കോഴി എന്നെഴുതിയ പരിഹാസ ട്രോഫികളുമായും മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർക്കിടയിലൂടെ കനത്ത പൊലീസ് സുരക്ഷയിലാണ് രാഹുലിനെ കോടതിയിൽ നിന്ന് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയത്.
അന്വേഷണം പഴുതടച്ചതാക്കാൻ
എസ്.ഐ.ടി
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസിൽ അന്വേഷണവും തുടർനടപടികളും പഴുതടച്ചതാക്കാൻ എസ്.ഐ.ടി വിദേശത്തുള്ള യുവതി ഇ-മെയിലിൽ നൽകിയ പരാതിയിലാണ് കേസ്. ഇതിന് നിയമ സാധുതയുണ്ടെന്ന് എസ്.ഐ.ടി പറയുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) വകുപ്പ് 173(1)(ii) പ്രകാരം ഇ-മെയിൽ പരാതി ലഭിച്ചാൽ മൂന്ന് ദിവസത്തിനകം പരാതിക്കാരി നേരിട്ടെത്തി അതിൽ ഒപ്പിടേണ്ടതുണ്ട്. എന്നാൽ ഇതിന് സാവകാശം തേടി കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അല്ലെങ്കിൽ തപാലിൽ രേഖകൾ അയച്ചു നൽകി ഒപ്പിട്ടു വാങ്ങുന്നതും പരിഗണനയിലാണ്. അതിജീവിതയെ 24 മണിക്കൂറിനകം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ചട്ടമുണ്ടെങ്കിലും പരാതിക്കാരി വിദേശത്തായതിനാൽ സാവകാശം ലഭിക്കുമെന്നാണ് എസ്.ഐ.ടി പ്രതീക്ഷിക്കുന്നത്. പരാതിക്കാരിയെ നേരിട്ട് വിളിച്ചുവരുത്താൻ പൊലീസ് ഇ-മെയിലിൽ രേഖാമൂലം വിവരം കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും യുവതി ഇ-മെയിലിൽ പരാതി നൽകിയിരുന്നു. അതും പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |