കൊച്ചി: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയായ പി.എം ഫസൽ ഭീമ യോജനയുടെ ആനുകൂല്യം ഇക്കൊല്ലം ഗുണഭോക്താക്കളായ ചെറുകിട ഇടത്തരം കർഷകർക്ക് ലഭിക്കില്ലെന്ന് ആശങ്ക. 2023 മുതൽ സംസ്ഥാന വിഹിതം അടയ്ക്കുന്നതിൽ കുടിശിക വരുത്തിയതാണ് കാരണം. നെല്ലിന്റെ വിരിപ്പ് സീസണിൽ കർഷരുടെ പ്രീമിയം സ്വീകരിക്കണമെങ്കിൽ സർക്കാർ വിഹിതം അടയ്‌ക്കണമെന്നാണ് ഇൻഷ്വറൻസ് കമ്പനിയുടെ നിലപാട്. വിരിപ്പ് കൃഷി ഇൻഷ്വർ ചെയ്യേണ്ട അവസാന ദിവസം ജൂൺ 30ന് കഴിയുകയും ചെയ്തു.
സംസ്ഥാനത്ത് ഓരോ സീസണിലും ഒരു ലക്ഷത്തോളം കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. പ്രധാനമായും നെൽകർഷകരാണ് ഗുണഭോക്താക്കൾ. നെല്ലിന് വിരിപ്പ്, മുണ്ടകൻ, പുഞ്ച സീസണുകളായാണ് പദ്ധതി നടപ്പാക്കുന്നത്. വിരിപ്പ് കൃഷി ജൂണിലും, മുണ്ടകൻ സെപ്തംബറിലും, പുഞ്ച ഡിസംബറിലുമാണ് ഇൻഷ്വർ ചെയ്യേണ്ടത്.
ഒരു ഹെക്ടറിന് 80,000 രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ നിശ്ചയിച്ച് അതിന്റെ രണ്ടുശതമാനം പ്രീമിയം കർഷകരും ബാക്കിത്തുക കേന്ദ്ര- സംസ്ഥാന സർക്കാരുകളുമാണ് അടയ്ക്കേണ്ടത്. സംസ്ഥാന വിഹിതത്തിൽ കുടിശിക വരുത്തിയതിനാൽ 2023 മുതൽ ആറ് സീസണിലെ നഷ്ടപരിഹാരമായ 1,710കോടി രൂപ കർഷകർക്ക് ലഭിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ച്
പാടശേഖര സമിതികളുടെ നേതൃത്വത്തിൽ നെൽകർഷകർ ഇന്ന് തൃശൂർ കളക്ടറേറ്റിനുമുമ്പിൽ ധർണ നടത്തും.
പദ്ധതിയിൽ
30ലധികം വിളകൾ
2016 ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണിത്. നെല്ല്, മരച്ചീനി, വാഴ, പച്ചക്കറി, നാണ്യവിളകൾ തുടങ്ങി 30ലധികം വിളകളുടെ നാശത്തിന് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നു. പ്രകൃതിക്ഷോഭം, കീടബാധ, രോഗങ്ങൾ എന്നിവമൂലം കൃഷിനാശം, വിളവുകുറവ് എന്നിവയ്ക്കാണ് പരിരക്ഷ.
''ഈവർഷം വിള ഇൻഷ്വറൻസ് നടപ്പാക്കുന്നില്ലെങ്കിൽ കർഷക ആത്മഹത്യ ഉയരും. കർഷകർ അത്രയധികം കടക്കെണിയിലാണ്
-ജയപ്രകാശ്, സെക്രട്ടറി
അയ്യന്തോൾ പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |