
പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എൽപിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്. പക്ഷേ, 95 ശതമാനംപേർക്കും ഇതിനെക്കുറിച്ചറിയില്ല എന്നതാണ് സത്യം. എൽപിജി കണക്ഷൻ എടുക്കുമ്പോൾ മുതൽ ആ വ്യക്തി ഇൻഷുറൻസ് പദ്ധതിയിൽ അംഗമായിരിക്കും. പബ്ലിക് ലയബിലിറ്റി പോളിസിയുടെ ഭാഗമായാണ് ഓയിൽ കമ്പനികൾ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നത്. എൽപിജി സിലിണ്ടർമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. അതായത് അപകടമുണ്ടാകാൻ പ്രധാന കാരണക്കാരൻ ഗ്യാസായിരിക്കണം. അല്ലാതെ മറ്റെന്തെങ്കിലും തരത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഗ്യാസ് സിലിണ്ടർ അകപ്പെട്ടാൽ ഇൻഷുറൻസ് ലഭിക്കില്ല. നിങ്ങളുടെ ഏജന്റിനെ സമീപിച്ചാൽ ഇൻഷുറൻസ് സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിക്കും.
ഒരു അപകടം സംഭവിച്ചാൽ അതിന് പരമാവധി 50 ലക്ഷം രൂപയാണ് പരിരക്ഷ ലഭിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി, അപകടം മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുമാത്രമേ നൽകേണ്ട തുക എത്രയെന്ന് തീരുമാനിക്കൂ. മരിച്ചാൽ വ്യക്തിയുടെ ആശ്രിതർക്ക് ആറുലക്ഷം രൂപയാണ് ലഭിക്കുക. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയേണ്ടിവന്നാൽ മുപ്പതുലക്ഷംരൂപവരെ പരിരക്ഷ കിട്ടും. എന്നാൽ ഒരു വ്യക്തിക്ക് പരമാവധി രണ്ടുലക്ഷം രൂപ മാത്രമാകും ഇത്. ഇതൊന്നുമല്ലാതെ അടിയന്തര ചികിത്സാ സഹായവും ലഭിക്കും. ആളൊന്നിന് പരമാവധി 25,000 രൂപയായിരിക്കും ഈ ഇനത്തിൽ ലഭിക്കുക. ആളുകൾക്കുണ്ടാകുന്ന പരിക്കുകൾക്കൊപ്പം വസ്തുവകകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും പരിരക്ഷ ലഭിക്കും. അംഗീകൃത ഏജൻസിയിൽ നിന്ന് വാങ്ങിയ ഗ്യാസ് സിലിണ്ടർ മൂലമുണ്ടായ അപകടമാണെങ്കിൽ നാശനഷ്ടങ്ങൾക്ക് പരമാവധി രണ്ടുലക്ഷം രൂപയാണ് ലഭിക്കുക.
സിലിണ്ടർ പൊട്ടിത്തെറിക്കുകയോ, ഗ്യാസ് ലീക്കുമൂലം ഉണ്ടാകുന്ന അഗ്നിബാധയ്‌ക്കോ ഇൻഷുറൻസ് ക്ലെയിം ചെയ്യാം. നിങ്ങൾ എവിടെ നിന്നാണോ കണക്ഷൻ എടുത്തത് അതേ പരിസരത്തുതന്നെയായിരിക്കണം അപകടം സംഭവിച്ചും. എങ്കിൽ മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. ട്യൂബ്, റഗുലേറ്റർ, അടുപ്പ് എന്നിവ ഐഎസ്ഐ മുദ്രയുള്ളതായിരിക്കണം. ഇവയില്ലെങ്കിൽ ക്ലെയിം ചെയ്യാൻ കഴിയില്ല. ഉപഭോക്താവിന്റെ അശ്രദ്ധമൂലമല്ല അപകടം ഉണ്ടായതെന്ന് തെളിയിക്കുകയും വേണം.
അപകടം ഉണ്ടായാൽ ഉടൻ ഏജൻസിയെയും പൊലീസിനെയും അറിയിക്കണം. കേസ് സംബന്ധിച്ച വിവരങ്ങൾ ഏജൻസി എണ്ണക്കമ്പനികളെ അറിയിക്കും. എണ്ണക്കമ്പനിയുടെ പ്രതിനിധി സ്ഥലത്തെത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് സമർപ്പിക്കും. അപകടത്തിൽ ആരെങ്കിലും മരിച്ചാൽ അയാളുടെ/ അവരുടെ മരണ സർട്ടിഫിക്കറ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ട്, പൊലീസ് ഇൻക്വസ്റ്റ് രേഖകളുടെ ഒറിജിനൽ എന്നിവ സമർപ്പിക്കണം. ഇനി പരിക്കേറ്റ് ചികിത്സ തേടിയാൽ മെഡിക്കൽ ബില്ലുകൾ, പരിശോധന സംബന്ധിച്ച് ഡോക്ടർ നൽകുന്ന വിവരങ്ങൾ, ഡിസ്‌ചാർജ് സമ്മറി തുടങ്ങിയവയുടെ ഒറിജിനൽ സമർപ്പിക്കണം. ഇതെല്ലാം കഴിയുമ്പോൾ മാേട്ടോർ ആക്സിഡന്റ് ഇൻഷുറൻസിൽ ചെയ്യുന്നതുപോലെ ഒരു അംഗീകൃത സർവെയറെ നിയോഗിക്കും. ഇയാളുടെ റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തുക ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |