പാനൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രത്ന ടീച്ചറുടെ മുന്നിൽ വണങ്ങി നിന്നു. ആ പാദങ്ങൾ തൊട്ടു വന്ദിച്ചു. കൈകൾ കവർന്നു. എൺപത്തിമൂന്നുകാരിയായ രത്നാനായർ എഴുപത്തിരണ്ടുകാരനായ ശിഷ്യനെ സ്വന്തം വസതിയിലേക്ക് അഭിമാനത്തോടെ സ്വീകരിച്ചു. കൈകൾ ചേർത്തുപിടിച്ച് സംസാരിച്ചു. ശിഷ്യൻ ഗുരുനാഥയ്ക്ക് ഭാര്യ ഡോ. സുദേഷ് ധൻകറിനെ പരിചയപ്പെടുത്തി.
സ്വീകരണമുറിയിൽ കുശലം പറയവേ,ശിഷ്യരുടെ ഉന്നതിയാണ് അദ്ധ്യാപകർക്ക് ഏറ്റവും വലിയ ചാരിതാർത്ഥ്യമെന്ന് ടീച്ചർ. അതു കേട്ടപാടെ, തന്റെ ഉയർച്ചയ്ക്ക് ടീച്ചറോടുള്ള കടപ്പാട് മറക്കില്ലെന്ന് സൂചിപ്പിച്ച് ഉപരാഷ്ട്രപതി ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. കൈകൾ മുത്തി.
സഹപാഠികളും മറ്റ് അദ്ധ്യാപകരും അവരുടെ കുശലാന്വേഷണത്തിൽ കടന്നുവന്നു. തീൻമേശയിലെ ഇഡ്ഡലിയും ചിപ്സും അദ്ദേഹം ഏറെ ആസ്വദിച്ചു കഴിച്ചു. ഇളനീരും കുടിച്ചു. അര മണിക്കൂറോളം ചെലവഴിച്ചശേഷം മടങ്ങുമ്പോൾ ടീച്ചർ ഉപഹാരമായി നൽകിയത് വിഘ്നേശ്വര വിഗ്രഹം.
സ്പീക്കർ എ.എൻ. ഷംസീറും ഉപരാഷ്ട്രപതിയെ അനുഗമിച്ചിരുന്നു. രത്ന ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ, ഇവരുടെ ഒന്നര വയസ് പ്രായമുള്ള മകൾ ഇശാനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാർ മാർഗം 2.20 നാണ് രത്ന ടീച്ചറുടെ വസതിയായ ആനന്ദിൽ എത്തിയത്. 3.10ന് മടങ്ങി.
രാജസ്ഥാനിലെ ചിറ്റോർഗർ സൈനിക സ്കൂളിൽ കർക്കശമായ അന്തരീക്ഷത്തിൽ പഠനം നടത്തുന്ന കുട്ടികൾക്ക് അമ്മയെപ്പോലെ വാത്സല്യം പകരാൻ എന്നും രത്ന ടീച്ചർ ഉണ്ടായിരുന്നു. ആറാംക്ളാസു മുതൽ 12ാം ക്ളാസുവരെ അവിടെ പഠിച്ച ജഗദീപ് ധൻകർ 1968ലാണ് സ്‌കൂൾ വിട്ടത്. പിന്നീട് പലതവണ ഗുരുനാഥയെ കാണാൻ എത്തിയിരുന്നു. പശ്ചിമ ബംഗാൾ ഗവർണറായപ്പോഴും ഉപരാഷ്ട്രപതിയായപ്പോഴും ടീച്ചറെ ക്ഷണിച്ചിരുന്നു.
കേരളം രാജ്യത്തിന് മാതൃക: ധൻകർ
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ കുതിപ്പ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹമിത് പറഞ്ഞത്. കേരള നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി ആഘോഷം നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
കേരളത്തിന്റെ സമ്പന്നമായ നവോത്ഥാന, സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് എടുത്തു പറഞ്ഞ അദ്ദേഹം, കേരളത്തെയും മലയാളികളെയും പുകഴ്ത്തി. കേരളത്തിന്റെ പ്രകൃതി മനോഹാരിതയെക്കുറിച്ചും പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ, ചാവറ ഏലിയാസ് കുര്യാക്കോസ്, വക്കം അബ്ദുൾഖാദർ മൗലവി, ചിത്തിരതിരുനാൾ ബാലരാമവർമ്മ, മാർത്താണ്ഡവർമ്മ, മമ്മൂട്ടി, മോഹൻലാൽ, യേശുദാസ്, കെ.എസ്. ചിത്ര, എം.എ. യൂസഫലി, പി.ടി. ഉഷ, ഡോ. വറുഗീസ് കുര്യൻ, ഇ.ശ്രീധരൻ, ജി.മാധവൻ നായർ, ജസ്റ്റിസ് ഫാത്തിമ ബീവി, മാനുവൽ ഫെഡറിക്, അഞ്ജു ബോബി ജോർജ് തുടങ്ങിയവരെയെല്ലാം എടുത്തുപറഞ്ഞ് അവരുടെ സംഭാവനകൾ വിവരിച്ചു.
ബാലറ്റ് പേപ്പറിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിലെത്തിച്ച് ആഗോളകീർത്തി നേടിയ ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കുറിച്ചും ആ സർക്കാർ ആദ്യത്തെ ഭരണഘടനാവ്യവസ്ഥയുടെ ഇരയായതും പരാമർശിച്ചു.
രാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണൻ ഈ മണ്ണിന്റെ പുത്രനാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമിന്റെ സേവനത്തിനും കടപ്പെട്ടിരിക്കുന്നത് കേരളമാണ്. മലയാളികളുടെ കഠിനാദ്ധ്വാനത്തിന്റെയും അർപ്പണമനോഭാവത്തിന്റെയും ഗുണഭോക്താവാണ് താനെന്ന് തന്റെ മലയാളിയായ അദ്ധ്യാപികയെക്കുറിച്ച് ഓർമ്മിപ്പിച്ച് അദ്ദേഹം പറഞ്ഞു.
പുരോഗമന ജനാധിപത്യത്തിലേക്കുള്ള നിയമനിർമ്മാണത്തിൽ മഹത്തായ പാരമ്പര്യമാണ് കേരള നിയമസഭയ്ക്ക്. കേരളീയ സമൂഹത്തിന്റെ പരിണാമത്തിനിടയാക്കിയ നിരവധി നിയമ നിർമ്മാണങ്ങളുടെ നാഡീകേന്ദ്രമായി മാറാൻ നിയമസഭയ്ക്കായിട്ടുണ്ടെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |