തിരുവനന്തപുരം: വരുന്ന നിമയസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലെ നാലുമണ്ഡലങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഏറ്റവും ജനസ്വാധീനമുള്ള നേതാക്കളെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവുമായി ബിജെപി സംസ്ഥാന നേതൃത്വം. ഈ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് തദ്ദേശതിരഞ്ഞെടുപ്പിനും പാർട്ടി അരങ്ങൊരുക്കുന്നത്. സംസ്ഥാനത്ത് നാൽപ്പതോളം മണ്ഡലങ്ങളിൽ രണ്ട് മുന്നണികളെയും വിറപ്പിച്ച് അതിശക്തമായ മത്സരത്തിനുള്ള ആയുധങ്ങളും ബിജെപി അണിയറയിൽ ഒരുക്കുന്നുണ്ട്.
സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും താമരവിരിയിക്കാൻ ശ്രമിക്കുന്ന ബിജെപി പക്ഷേ, പ്രഥമ പരിഗണന നൽകുന്നത് തലസ്ഥാനത്തെ നേമത്തിനാണ്. ഒരുതവണ അക്കൗണ്ട് തുറക്കുകയും പിന്നീട് പൂട്ടിപ്പോവുകയും ചെയ്ത നേമത്തെ വീണ്ടും കൈപ്പിടിയിലാക്കാൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെത്തന്നെ രംഗത്തിറക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ആഞ്ഞുശ്രമിച്ചാൽ നേമം കൂടെപ്പോരും എന്നാണ് ബിജെപിയുടെ ഉറച്ച വിശ്വാസം. ജയസാദ്ധ്യത ഏറെയുള്ളത് രാജീവ് ചന്ദ്രശേഖറിന് തന്നെയെന്നാണ് പാർട്ടികേന്ദ്രങ്ങൾ ഉറച്ചുവിശ്വസിക്കുന്നത്.
ബിജെപിക്ക് നല്ല വേരോട്ടമുള്ള വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാലിനാണ് സാദ്ധ്യത കൽപ്പിക്കുന്നത്. യുഡിഎഫിന്റെ സ്ഥാനാർത്ഥി കെ മുരളീധരനായിരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്. യുഡിഎഫിന് മുരളീധരനെങ്കിൽ ബിജെപിക്ക് പത്മജ തന്നെയെന്ന് ഉറപ്പിക്കാം എന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. മണ്ഡലത്തിലേക്ക് മുരളീധരൻ ഇല്ലെങ്കിൽ പത്മജയ്ക്ക് തൃശൂർ നൽകിയേക്കും. അങ്ങനെയാണെങ്കിൽ വട്ടിയൂർക്കാവിൽ ബിജെപിക്ക് ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭ്യമല്ലെങ്കിലും പാർട്ടിയിലെ യുവ രക്തങ്ങളിലാരെങ്കിലും ആയിരിക്കും എന്നും കേൾക്കുന്നുണ്ട്. തിരുവനന്തപുരം സെൻട്രലിലാണ് വിവി രാജേഷിനെ പരിഗണിക്കുന്നത്.
കഴക്കൂട്ടത്ത് താൻ തന്നെയാണ് ബിജെപി സ്ഥാനാർത്ഥി എന്നുറപ്പിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രവർത്തനങ്ങളിൽ മുഴുകിയിട്ട് നാലുകളേറെയായി. വോട്ടുറപ്പിക്കാൻ താഴേത്തട്ടിൽ ഇറങ്ങിയുള്ള പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. അതിൽ ഏറക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ സിപിഎം ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളിൽപ്പോലും ചെറിയതോതിലെങ്കിലും കടന്നുകയറാൻ ബിജെപിക്ക് കഴിയുന്നതും മുരളീധരന്റെ പ്രവർത്തന മികവുകൊണ്ടാണെന്നാണ് പാർട്ടിപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സംസ്ഥാന പാർട്ടിയിൽ മുരളീധരന് ഇപ്പോൾ പണ്ടേപ്പോലത്തെ പിടിയില്ല. രാജീവ് ചന്ദ്രശേഖർ വന്നശേഷം മുരളീധരനെയും കൂടെയുളളവരെയും ഏതാണ്ട് ഒതുക്കിയ മട്ടിലാണ്. മുരളീധരന് കഴക്കൂട്ടം നൽകിയില്ലെങ്കിൽ സംസ്ഥാന സെക്രട്ടറി എസ് സുരേഷിനായിരിക്കും സാദ്ധ്യത കൂടുതൽ. രാജീവ് ചന്ദ്രേശേഖറിന്റെ വിശ്വസ്തനെന്നാണ് സുരേഷ് അറിയപ്പെടുന്നത്.
മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെ വർക്കല മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെക്കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്. ബിഡിജെഎസ് വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ സുരേന്ദ്രൻ വിജയിക്കും എന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ടുനില ഉയർത്താൻ കഴിഞ്ഞിരുന്നു. ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലത്തിൽ താമര വിരിയിക്കാൻ കഴിയും എന്നാണ് പാർട്ടി വിശ്വസിക്കുന്നത്. അതിനാലാണ് സുരേന്ദ്രനെ രംഗത്തിറക്കുന്നത്. ശോഭാ സുരേന്ദ്രനെ വർക്കലയിൽ നിറുത്തിയേക്കും എന്നും കേൾക്കുന്നുണ്ട്. എന്നാൽ തൃശൂരിലെ പുതുക്കാടാണ് ശോഭയ്ക്ക് നൽകാൻ പോകുന്നതെന്നാണ് ചില പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ പുതുക്കാട് ഉൾപ്പെടെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്കായിരുന്നു ലീഡ്. ആ ലീഡ് നിലനിറുത്തി മണ്ഡലം പിടിക്കാനാണ് ശോഭയെ രംഗത്തിറക്കുന്നത്.
പൂഞ്ഞാറിൽ പിസി ജോർജും, മകൻ ഷോൺ ജോർജിന് പാലായും, സികെ പത്മനാഭന് കണ്ണൂരും, ചെങ്ങന്നൂരിൽ പി എസ് ശ്രീധരൻ പിള്ളയെയും, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസിനെയും മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |