കഴിഞ്ഞ ദിവസമാണ് വസ്ത്ര ബ്രാൻഡ് ആരംഭിക്കുന്ന വിവരം നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അറിയിച്ചത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ദു കൃഷ്ണയും മക്കളായ ഇഷാനി, അഹാന, ഹൻസിക എന്നിവർ ചേർന്നാണ് സിയാഹ് എന്ന ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്.
'ഞങ്ങൾ പുതിയൊരു കാര്യം തുടങ്ങുകയാണ്. ഞങ്ങൾ സാരിയൊക്കെയുടുത്ത് ഫോട്ടോ ഷെയർ ചെയ്യുമ്പോൾ, ഇതെവിടെ നിന്നാണ് വാങ്ങിയത്, നിങ്ങളുടെ ഫാഷൻ സെൻസ് ഇഷ്ടമാണെന്നൊക്കെ ഞങ്ങളെ ഇഷ്ടമുള്ളവർ ചോദിക്കാറുണ്ട്. അതാണ് ഒരു ബ്രാൻഡ് ക്രിയേറ്റ് ചെയ്യാൻ ഞങ്ങൾക്ക് പ്രചോദനമായത്.
ഞങ്ങളുടെ പേഴ്സണൽ സ്റ്റൈൽ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങൾ ഒരു ബ്രാൻഡ് ആരംഭിക്കുന്നു. വളരെ ലിമിറ്റഡ് പീസസ് ഉള്ള കളക്ഷനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്യുമ്പോൾ ഞങ്ങൾ ഞങ്ങൾക്കുവേണ്ടി ഒരു സാരിയെടുക്കുമ്പോൾ എന്തുകൊണ്ട് കുറച്ച് പീസുകൾ കൂടിയെടുത്തുകൂടാ. ഈ ചിന്തയാണ് ഈ ബ്രാൻഡ് ആരംഭിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. അതായത് ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഇഷ്ടപ്പെട്ട കുറച്ച് സാധനങ്ങൾ വാങ്ങും. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ഡ്രോപ് ചെയ്യും. ഡ്രോപ് എന്ന് പറഞ്ഞാൽ കളക്ഷൻ ഡ്രോപ്. വളരെ കുറച്ച് പീസസ് ഉള്ള, എന്നാൽ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത വളരെ മനോഹരമായ സാരികളുടെ ഡ്രോപ്. അപ്പോൾ കാര്യം മനസിലായില്ലേ. ഇനി ഞങ്ങൾ ഷോപ്പ് ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, നിങ്ങൾക്ക് വേണ്ടി കൂടിയാണ്. അതിനുവേണ്ടിയാണ് ഈ ബ്രാൻഡ്. ഒരുപാട് സന്തോഷത്തോടെ, ഒരുപാട് എക്‌സൈറ്റ്‌മെന്റോടുകൂടി. ഞങ്ങൾ പ്രസന്റ് ചെയ്യുന്നു SIAH by Ahadishika'- എന്നായിരുന്നു അവർ പറഞ്ഞത്.
വളരെ പെട്ടെന്നുതന്നെ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ സാരികളുടെ വിലയാണ് പലരെയും അമ്പരപ്പിച്ചിരിക്കുന്നത്. വളരെ വിലക്കൂടുതലാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. നിലവിൽ സൈറ്റിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന സാരികളിൽ 6499 രൂപയാണ് ഏറ്റവും കുറഞ്ഞ വില. സാധാരണക്കാർ ഇതെങ്ങനെ വാങ്ങിക്കുമെന്നാണ് മിക്കവരും ചോദിക്കുന്നത്. അതേസമയം, സാരികളിൽ ചിലത് ഇതിനോടകം തന്നെ ഔട്ട് ഓഫ് സ്റ്റോക്കായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |