തിരുവനന്തപുരം: മലയാള സിനിമയിലെ സൂപ്പർതാരങ്ങൾ സ്ത്രീകൾക്കെതിരെയുളള അധിക്ഷേപ പരാതികൾ ഒതുക്കി തീർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന് നിർമാതാവ് സാന്ദ്രാ തോമസ്. തന്റെ പ്രശ്നങ്ങൾ മോഹൻലാലിനോടും മമ്മൂട്ടിയോടും പറഞ്ഞതാണെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. മമ്മൂട്ടി ഭീഷണി കലർന്ന സ്വരത്തിലാണ് തന്നോട് സംസാരിച്ചതെന്നും സാന്ദ്ര വെളിപ്പെടുത്തി.
'ഇത്രയും പ്രശ്നങ്ങൾ നടന്നപ്പോൾ മലയാള സിനിമയിലെ തന്നെ ഉന്നതസ്ഥാനത്തിരിക്കുന്ന മോഹൻലാലും മമ്മൂട്ടിയും എന്നെ വിളിച്ചിരുന്നു. എന്റെ പ്രശ്നങ്ങൾ അവരോട് പറഞ്ഞിരുന്നു. അതിനകത്ത് ഞാൻ വെളളം കലർത്തിയിട്ടില്ല. ഞാൻ മാനസികമായി വിഷമിച്ചിരുന്ന സമയത്താണ് അവർ വിളിച്ചത്. മമ്മൂട്ടി അന്ന് ഭീഷണി സ്വരത്തിലാണ് സംസാരിച്ചത്. അത് എനിക്ക് വളരെ വിഷമമുണ്ടാക്കി.
സ്ത്രീകൾക്കെതിരെയുളള ഒരു വിഷയത്തിലും പ്രതികരിക്കാതെയിരിക്കുന്നത് അവരുടെ നിലപാടാണ്. എനിക്കതിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. പ്രതികരിക്കുന്ന സ്ത്രീകളെ വിളിച്ച് പിൻതിരിപ്പിക്കാനുളള ശ്രമങ്ങളാണ് സൂപ്പർതാരങ്ങൾ ചെയ്യുന്നത്. അതിൽ ചോദ്യം ചെയ്യാൻ ഞങ്ങൾ ആരുമല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നിട്ടും അതിക്രമങ്ങളും കാസ്റ്റിംഗ് കൗച്ചൊന്നും അവസാനിച്ചിട്ടില്ല. അതിന്റെ രീതിയാണ് മാറിയത്. പഴയ രീതിയല്ല ഇപ്പോഴുളളത്'- സാന്ദ്ര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |