
പത്തനംതിട്ട: മല്ലപ്പള്ളി കോട്ടാങ്ങലിൽ യുവതിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. കോട്ടാങ്ങൽ പുല്ലാഞ്ഞിപ്പാറ കണയങ്കൽ വീട്ടിൽ ടിഞ്ചു മൈക്കിളിനെ (26) കൊലപ്പെടുത്തിയ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീറിനെയാണ് (44, നെയ്‌മോൻ) പത്തനംതിട്ട അഡിഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി. പി. ജയകൃഷ്‌ണൻ ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമേ പീഡനത്തിന് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഏഴുവർഷം കഠിനതടവും 50000 രൂപ പിഴയുമാണ് ശിക്ഷ. ഇതെല്ലാം ഒരുമിച്ചനുഭവിച്ചാൽ മതി.
2019 ഡിസംബർ 15നായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭർത്താവിനെ ഉപേക്ഷിച്ച് സുഹൃത്തായ ടിജിൻ ജോസഫിനൊപ്പമായിരുന്നു ടിഞ്ചു താമസിച്ചിരുന്നത്. സംഭവദിവസം ടിജിനും പിതാവും പുറത്തുപോയ തക്കത്തിൽ വീട്ടിലെത്തിയ നസീർ, ടിഞ്ചുവിന്റെ കിടപ്പുമുറിയിലെത്തി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താൻ ശ്രമിക്കവേ കട്ടിലിൽ തലയിടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടർന്ന് ക്രൂരമായി പീഡിപ്പിച്ച ശേഷം കഴുത്തിൽ മുണ്ട് കുരുക്കി മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെട്ടിത്തൂക്കി. ടിഞ്ചുവിന്റെ മൃതദേഹത്തിൽ 53 മുറിവുകളുണ്ടായിരുന്നു. സുഹൃത്തായ ടിജിനെ സംശയിച്ചായിരുന്നു പെരുമ്പെട്ടി പൊലീസിന്റെ അന്വേഷണം. പൊലീസ് മർദ്ദനത്തെ തുടർന്ന് ടിജിന് ആശുപത്രിയിലും കഴിയേണ്ടിവന്നു. ടിജിന്റെ പരാതിയെ തുടർന്ന് 2020 ഫെബ്രുവരിയിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഹരിശങ്കർ പ്രസാദ് ഹാജരായി.
തടിപ്പണിക്കാരുടെ കെട്ട് കുരുക്കി
ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ മികവാണ് തടിപ്പണിക്കാരനായ പ്രതിയിലേക്കെത്തിച്ചത്. മൃതദേഹം കെട്ടിയ കുരുക്ക് തടിപ്പണിക്കാരുടെ കെട്ടാണെന്ന് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. സംഭവദിവസം വീടിന് സമീപത്തുണ്ടായിരുന്ന സംശയിക്കപ്പെട്ട മൂന്നുപേരെ തുടർച്ചയായി ചോദ്യംചെയ്തതിൽ പ്രദേശവാസിയായ നസീറുമുണ്ടായിരുന്നു. അന്നത്തെ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.പ്രതാപൻ നായർ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗീക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |