SignIn
Kerala Kaumudi Online
Saturday, 25 April 2026 4.54 AM IST

മനഃശാസ്‌ത്രത്തിലെ അതിക്രൂരമായ പരീക്ഷണം; പങ്കെടുത്തവർ നിലവിളിച്ചോടി, ഭീതി നിറച്ച സ്റ്റാൻഫോർഡ് ജയിൽ

Increase Font Size Decrease Font Size Print Page
stanford-jail

സാമൂഹിക മനഃശാസ്‌ത്രത്തിലെ വളരെയധികം വിവാദമായ പരീക്ഷണങ്ങളിലൊന്നാണ് 'സ്റ്റാൻഫോർഡ് പ്രിസൻ എക്‌സ്‌പിരിമെന്റ്'. 1971-ൽ സ്റ്റാൻഫോർഡ് സർവ്വകലാശാലയിലെ മനശാസ്‌ത്രജ്ഞനായ ഫിലിപ്പി സിംബാർഡോയാണ് ഈ പരീക്ഷണം നടത്തിയത്. അധികാരവും അധികാരമില്ലായ്‌മയും എങ്ങനെയാണ് മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നതെന്ന് മനസിലാക്കലായിരുന്നു പഠനത്തിന്റെ ലക്ഷ്യം.

പത്രപ്പരസ്യം നൽകിയാണ് ഈ പഠനത്തിൽ പങ്കെടുക്കുന്നതിനായുള്ള ആളുകളെ കണ്ടെത്തിയത്. 'ജയിൽജീവിതത്തെക്കുറിച്ചുള്ള പഠനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം, പ്രതിഫലം നൽകും' എന്ന ലളിതമായ അറിയിപ്പാണ് പത്രപ്പരസ്യമായി നൽകിയത്. ഈ പരസ്യം കണ്ട് കൗതുകം തോന്നിയ എഴുപതോളം യുവാക്കൾ പരീക്ഷണത്തിൽ പങ്കെടുക്കാനെത്തി. അതിൽ നിന്നും ശാരീരികമായും മാനസികമായും ആരോഗ്യവാന്മാരായ 24 പേരെ തിരഞ്ഞെടുത്ത ശേഷം അവരെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചു. അവരിൽ ചിലർ കാവൽക്കാരായപ്പോൾ മറ്റുള്ളവർ തടവുകാരായി.


യഥാർത്ഥ തടവുകാരെ ഉപയോഗിച്ച് തടവുകാരായി തിരഞ്ഞെടുത്ത യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു അടുത്ത നീക്കം. സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ ബേസ്മെന്റിൽ കൃതൃമമായി നിർമ്മിച്ച ജയിലറകളിലേക്ക് കറുത്ത തുണി ഉപയോഗിച്ച് കണ്ണുകൾ മൂടിക്കെട്ടിയാണ് അവരെ പ്രവേശിപ്പിച്ചത്. തടവുകാരെ പാർപ്പിക്കാനുള്ള സെല്ലുകൾക്ക് സാധാരണ ജയിലുകളിൽ കാണപ്പെടുന്ന അഴികളുള്ള വാതിലുകളാണ് ഉണ്ടായിരുന്നത്. ഓരോ സെല്ലിലും മൂന്ന് തടവുകാരെ വീതമാണ് പാർപ്പിച്ചത്. ശുചിമുറിയിലേക്ക് കണ്ണുകെട്ടിയാണ് ഇവരെ കൊണ്ടുപോയിരുന്നത്.

കാവൽക്കാർക്ക് യൂണിഫോം, ലാത്തി, വിസിൽ തുടങ്ങിയവ നൽകി. തടവുകാരുടെ കണ്ണുകളുമായി ഉടക്കാതിരിക്കാൻ കാവൽക്കാർ‌ സൺഗ്ലാസ് ധരിക്കണമായിരുന്നു. പരസ്‌പരം കണ്ണുകളിലേക്ക് നോക്കുമ്പോൾ അനുതാപം, ദയ തുടങ്ങിയവ ഉണ്ടാക്കാനുള്ള സാഹചര്യം ഒഴിവാക്കാനായിരുന്നു ഈ നീക്കം.

തടവുകാരോട് സ്വന്തം വസ്‌ത്രം ഉപേക്ഷിക്കാനും ജയിൽവസ്‌ത്രം ധരിക്കാനും ആവശ്യപ്പെട്ടു. അടിവസ്‌ത്രങ്ങൾ പോലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നില്ല. കാലുകളിൽ ചങ്ങലയും ധരിക്കേണ്ടതുണ്ടായിരുന്നു. ശാരീരികമായി ഉപദ്രവിക്കുന്നതൊഴികെയുള്ള മാ‌ർഗങ്ങളിലൂടെ തടവുകാരെ നിയന്ത്രിക്കാനുള്ള അധികാരം കാവൽക്കാർക്ക് നൽകി.

ആദ്യദിവസം തന്നെ കാവൽക്കാർ അധികാരം പ്രയോഗിക്കാൻ തുടങ്ങി. രാത്രിയിൽ തടവുകാരെ ഉറങ്ങാൻ സമ്മതിക്കാതെ വിസിലടിച്ചുകൊണ്ടിരുന്നു. ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചവരെ സെല്ലിനുപുറത്തു നിർത്തി പുഷ് അപ് എടുപ്പിച്ചു. രണ്ടാം ദിനമായപ്പോഴേക്കും പല തടവുകാരും ഒന്നിച്ചുനിന്ന് പ്രതിഷേധിക്കാൻ തുടങ്ങി. പ്രതിഷേധിച്ചവരെ സെല്ലിന് പുറത്തേക്ക് കൊണ്ടുവന്ന് നഗ്നരാക്കി നിർത്തി. ഇത്തരത്തിൽ കാവൽക്കാർ അധികാരം ദുരുപയോഗം ചെയ്‌തു തുടങ്ങി. ഇതിനിടയിൽ തടവുകാരിൽ ചിലർ മാനസികമായി തളർന്നു. കുറെയധികം പേർ സംഘടിച്ചു. ജയിലിലെ സമ്മർദം താങ്ങാനാവാതെ പലരും പുറത്തുകടക്കുന്നതിനായി ബഹളം വയ്‌ക്കാൻ തുടങ്ങി. പരീക്ഷണകാലയാളവായി നിശ്ചയിച്ചിരുന്നത് രണ്ടാഴ്‌ചയായിരുന്നെങ്കിലും പ്രശ്‌നം ഗുരുതരമായതിനെ തുടർന്ന് ആറ് ദിവസം ആയപ്പോഴേക്കും അത് അവസാനിപ്പിക്കേണ്ടി വന്നു.

അമേരിക്കൻ സൈക്കോളജിസ്റ്റ് അസോസിയേഷന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായിരുന്നു ഈ പരീക്ഷണം. മനുഷ്യത്വം ഇല്ലായ്‌മയുടെ ഭീകരരൂപമെന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്. പരീക്ഷണത്തിന് നേതൃത്വം നൽകിയ പ്രൊഫ. സിംബാർഡോയ്‌ക്കും ഒട്ടേറെ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. അധികാരവും അധികാരംമില്ലായ്‌മയും സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുന്നതിനെപ്പറ്റി പഠിക്കാനാണ് പരീക്ഷണം നടത്തിയതെങ്കിലും അതിൽ നിന്ന് കിട്ടിയ നിഗമനങ്ങൾ എല്ലാവരിലും പ്രായോഗികമാകില്ലെന്ന് പലരും വിമർശനങ്ങളുയർത്തി.

TAGS: NEWS, EXPERIMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.