തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തി. തമിഴ്നാട്ടിലെ മോഡൽ അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതുപ്രകാരം, ഏതൊക്കെ ബോർഡ് പരീക്ഷകൾ എഴുതിയ കുട്ടികളാണോ എൻട്രൻസ് എഴുതിയത് ആ ബോർഡ് പരീക്ഷാഫലങ്ങൾ മാത്രമേ മാർക്ക് സമീകരണത്തിന് പരിഗണിക്കൂ. ഇതുവരെ ജമ്മുകാശ്‌മീർ, ഉത്തർപ്രദേശ് അടക്കം 18 സംസ്ഥാന ബോർഡുകളുടെയും കേംബ്രിഡ്ജിന്റേതടക്കം വിദേശ ബോർഡുകളുടെയും മാർക്കുമായാണ് സമീകരണം നടത്തിയിരുന്നത്. മാർക്ക് നൽകുന്നതിൽ നിയന്ത്രണമുള്ള ബോർഡുകളും ഉദാരമായി മാർക്കു നൽകുന്ന കേരളവും തമ്മിൽ മൂല്യത്തിൽ വലിയ അന്തരമുണ്ടായി. കേരളത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന മാർക്ക് നേടിയ കുട്ടികളും എൻട്രൻസ് റാങ്കിൽ താഴേക്കു പോയി. ഇതിനു പരിഹാരമാണ് പുതിയ പ്രക്രിയ. സ്റ്റാറ്റിറ്റിക്സ് വിദഗ്ദ്ധരടങ്ങിയ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇതു നടപ്പാക്കുന്നത്.
പ്രോസ്പെക്ടസ് ഉടൻ പരിഷ്കരിക്കും. സോഫ്‌റ്റ്‌വെയറിൽ ക്രമീകരണം വരുത്തിയശേഷം, കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് ഈയാഴ്ച പ്രസിദ്ധീകരിക്കും. രണ്ടു മാസം മുൻപ് നടന്ന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചെങ്കിലും റാങ്ക് പട്ടിക പുറത്തുവിടാനായിരുന്നില്ല.
മാർക്ക് നൂറുവീതമായി
സമീകരിക്കും
പ്ലസ്ടുവിന്റെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷാ ബോർഡും ഇപ്രാവശ്യം നൽകിയ ഉയർന്ന മാർക്ക് എൻട്രൻസ് കമ്മിഷണർ ശേഖരിക്കും
ഓരോ വിഷയത്തിനും നൂറെന്ന മാർക്കാണ് മാനദണ്ഡം. 95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് ഈ വിഷയത്തിൽ ലഭിച്ചത് 70 മാർക്കാണെങ്കിൽ ഇത് നൂറിലേക്ക് പരിവർത്തനപ്പെടുത്തും. ഇതോടെ 70 മാർക്ക് 73.68 ആവും.
മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിക്കുമ്പോൾ മാനദണ്ഡമാക്കുന്ന മാർക്ക് 300 ആവും. ഏകീകരണത്തിലൂടെ മൂന്നു വിഷയത്തിലും ലഭിച്ച മാർക്ക് മാത്തമാറ്റിക്സിന് മുൻതൂക്കം നൽകി 5:3:2എന്ന അനുപാതത്തിലാക്കും
ഇതു പ്രകാരം മാത്തമാറ്റിക്സിന് 150 മാർക്കിന്റെയും ഫിസിക്‌സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്‌റ്റേജ് നൽകും
പ്ലസ് ടു പരീക്ഷയിലെ സമീകരിച്ച 300ലുള്ള മാർക്കും പ്രവേശന പരീക്ഷയിലെ സമീകരിച്ച 300ലുള്ള സ്‌കോറും ചേർത്ത് 600 ഇൻഡക്‌സ് മാർക്കിലായിരിക്കും റാങ്ക് പട്ടികയ്ക്കുള്ള സ്‌കോർ നിശ്ചയിക്കുക.
സി.ബി.എസ്.ഇക്കാർക്ക്
ദേശീയതല മാർക്ക്
ഗ്രേഡുകളായി ഫലം പ്രസിദ്ധീകരിക്കുന്ന ബോർഡുകളാണെങ്കിൽ വിദ്യാർത്ഥികൾ ബോർഡിൽ നിന്ന് മാർക്ക് രേഖ വാങ്ങി നൽകണം. ഇല്ലെങ്കിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻട്രൻസ് കമ്മിഷണർ തീരുമാനമെടുക്കും
സി.ബി.എസ്.ഇ, ഐ.എസ്.സി ബോർഡുകളിൽ നിന്ന് പ്ലസ് ടു പാസായവരുടെ കാര്യത്തിൽ, ദേശീയ തലത്തിലെ ഉയർന്ന മാർക്കായിരിക്കും നോർമലൈസേഷനായി പരിഗണിക്കുക. ഉയർന്ന മാർക്ക് കമ്മിഷണർ ആവശ്യപ്പെടും. ലഭിച്ചില്ലെങ്കിൽ 100 ശതമാനം മാർക്ക് ഉയർന്ന മാർക്കായി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |