
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗപരാതി വെൽ ഡ്രാഫ്റ്റഡാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പരാതി വെൽ ഡ്രാഫ്റ്റഡായാണ് നൽകേണ്ടതെന്നും അതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു. താൻ അഭിഭാഷകനായിരുന്ന കാലത്തും പൊതുപ്രവർത്തകനായപ്പോഴും നിരവധി പരാതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. പരാതിക്കാരി ഒരു അഭിഭാഷകന്റെ സഹായം തേടി പരാതി നൽകിയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗപരാതിയിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം നൽകിയത്. ഇതോടെയാണ് സണ്ണി ജോസഫ് രാഹുലിനെ പിന്തുണയ്ക്കുന്ന തരത്തിൽ പ്രതികരിച്ചത്. രാഹുലിനെതിരായ പരാതി വെൽ ഡ്രാഫ്റ്റഡാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുതന്നെയാണ് ഇന്ന് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴും സണ്ണി ജോസഫ് ആവർത്തിച്ചത്. രാഷ്ട്രീയപ്രേരിതമായാണ് പരാതി നൽകിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. അതേസമയം, കോണ്‍ഗ്രസുകാരെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും വിഡി സതീശൻ തുറന്നടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |