
ആലപ്പുഴ: ശബരിമലയിലെ വാജി വാഹനം തന്ത്രി കണ്‌ഠരര് രാജീവരർക്ക് കൈമാറിയതിന്റെ ഉത്തരവാദിത്തം ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗമായിരുന്ന അജയ് തറയിലിനുമാണെന്ന് ദേവസ്വം ബോർഡിലെ സിപിഎം പ്രതിനിധിയുമായിരുന്ന കെ രാഘവൻ. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാൻ ദേവസ്വം ബോർഡിൽ വരുന്നതിന് മുൻപാണ് പഴയ കൊടിമരം മാറ്റാനും പുതിയത് സ്ഥാപിക്കാനുമുള്ള തീരുമാനമെടുത്തത്. ആ യോഗങ്ങളിലൊന്നും ഞാനില്ലായിരുന്നു. അന്ന് പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ് ദേവസ്വം ബോഡിന്റെ ഭരണകർത്താക്കൾ. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ടോ കൊടിമര നിർമാണവുമായി ബന്ധപ്പെട്ടോ യാതൊരു കാര്യങ്ങളും ദേവസ്വം ബോർഡിന്റെ യോഗങ്ങളിൽ ചർച്ചയായിട്ടില്ല. എനിക്ക് ഇത് സംബന്ധിച്ച് യാതൊരു അറിവുമില്ല'- കെ രാഘവൻ വ്യക്തമാക്കി. വാജി വാഹനം തന്ത്രിക്ക് കൈമാറിയത് കീഴ്‌വഴക്കമനുസരിച്ചാണെന്നും ഇത് കെ രാഘവന്റെ അറിവോടെയാണെന്നുമാണ് അജയ് തറയിൽ മുൻപ് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സിപിഎം നേതാവിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |