
തിരുവനന്തപുരം: സർവീസിലുള്ള, കെ-ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകർക്കായി നടത്താനിരുന്ന പ്രത്യേക പരീക്ഷ വൈകും. ഫെബ്രുവരിയിൽ നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം ഇറക്കിയിട്ടില്ല.
സർവീസിലുള്ള അദ്ധ്യാപകർക്കും സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന മറ്റ് ഉദ്യോഗസ്ഥർക്കുമായി പ്രത്യേക കെ-ടെറ്റ് നടത്തുമെന്ന് ഡിസംബർ അവസാനമാണ് സർക്കാർ ഉത്തരവിറക്കിയത്. അദ്ധ്യാപകർ വകുപ്പ് മേധാവിയുടെയോ എയ്ഡഡ് സ്കൂളിലെ മാനേജരുടെയോ സാക്ഷ്യപത്രം ഹാജരാക്കണം.
തിരക്കേറിയ പരീക്ഷാ ഷെഡ്യൂൾ
ഫെബ്രുവരി 21, 23 തീയതികളിലായി കെ-ടെറ്റ് പൊതുപരീക്ഷ നടക്കുകയാണ്. പരീക്ഷാ ഭവന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഈ തിരക്കിനിടയിൽ പ്രത്യേക പരീക്ഷ പ്രായോഗികമല്ലെന്നാണ് പരീക്ഷാ വകുപ്പിന്റെ വിശദീകരണം. ഏപ്രിലോടെ മാത്രമേ പരീക്ഷാ തിരക്കുകൾ അവസാനിക്കൂ.
നിർബന്ധിത യോഗ്യത
രാജ്യത്തെ മുഴുവൻ അദ്ധ്യാപകരും 2027 സെപ്റ്റംബർ ഒന്നിന് മുമ്പായി കെ-ടെറ്റ് യോഗ്യത നേടിയിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിർബന്ധിത വിരമിക്കൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 75,015 അദ്ധ്യാപകർക്കായി പ്രത്യേക പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത്.
പൊതുപരീക്ഷയ്ക്ക്
1,35,789 അപേക്ഷകർ
ഫെബ്രുവരിയിൽ നടക്കുന്ന പൊതുപരീക്ഷയ്ക്കായി 1,35,789 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 40,000-ഓളം പേർ സർവീസിലുള്ള അദ്ധ്യാപകരാണ്. അപേക്ഷാ ഫോമിൽ ഔദ്യോഗിക പെൻ നമ്പർ രേഖപ്പെടുത്താനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
പരീക്ഷാർത്ഥികളുടെ ആവശ്യം പരിഗണിച്ച് മൂന്ന് തവണയാണ് കെ-ടെറ്റ് അപേക്ഷിക്കാനുള്ള തീയതി നീട്ടിയത്. ആറുമാസം കൂടുമ്പോഴാണ് കെ-ടെറ്റ് പരീക്ഷ നടത്താറുള്ളത്. ഓരോ തവണയും 50,000 മുതൽ 70,000 വരെ അപേക്ഷകൾ ലഭിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |