
തിരുവനന്തപുരം: കെ- ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അദ്ധ്യാപകർക്കൊപ്പം ആശങ്കയൊഴിയാതെ പി.എസ്.സി ഉദ്യോഗാർത്ഥികളും.
അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ ടെറ്റ് 2027 സെപ്റ്റംബർ ഒന്നിനുള്ളിൽ നേടാത്തവർക്ക് ജോലി നഷ്ടപ്പെടുമെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷവും, കെ-ടെറ്റ് ഇളവുകളുമായി 74-ലേറെ വിജ്ഞാപനങ്ങളാണ് പി.എസ്.സി പുറപ്പെടുവിച്ചിട്ടുള്ളത്. ഡിസംബർ 31-ന് ഇറക്കിയ 22 ഉത്തരവുകൾ ഉൾപ്പെടെയാണിത്. തസ്തിക മാറ്റം, പുതിയ നിയമനങ്ങൾ എന്നിവ ഈ വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായിരിക്കും ഇളവുകൾ.
2025 സെപ്റ്റംബർ ഒന്നിലെ വിധിക്ക് ശേഷം പുറത്തിറക്കിയ വിജ്ഞാപനങ്ങളിൽ, ഉന്നത അദ്ധ്യാപക യോഗ്യതയുള്ളവർക്ക് കെ-ടെറ്റിൽ സർക്കാർ ഇളവ് നൽകിയിരുന്നു. സി-ടെറ്റ്, നെറ്റ്, സെറ്റ്, എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് യോഗ്യതയുള്ളവർക്കാണ് ഇളവ് നൽകിയത്. തസ്തിക മാറ്റം വഴിയുള്ള നിയമനത്തിലും സർവീസിലിരിക്കുന്നവർക്ക് കെ-ടെറ്റ് ഇളവുണ്ട്. കഴിഞ്ഞ ദിവസം സർക്കാർ ഇളവുകൾ എടുത്തുമാറ്റിയെങ്കിലും, പിന്നീട് പ്രതിഷേധത്തെത്തുടർന്ന് മരവിപ്പിച്ചു.
നിയമവിരുദ്ധമായി ഇളവുകൾ നൽകി അദ്ധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ചാലും, മതിയായ യോഗ്യതയില്ലെന്ന കാരണത്താൽ പിന്നീട് പുറത്താക്കപ്പെട്ടേക്കാമെന്നതാണ് ഉദ്യോഗാർത്ഥികളുടെ ആശങ്ക.നിലവിലെ സാഹചര്യത്തിൽ കോടതി ഉത്തരവ് വരുന്നത് സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുള്ള സാദ്ധ്യതയില്ല. അതിനാൽ നിയമനങ്ങൾ വൈകാനാണ് സാദ്ധ്യത. ആറു മാസം കൂടുമ്പോൾ നടക്കുന്ന കെ-ടെറ്റ് പരീക്ഷയിൽ വിജയിക്കുകയാണ് പുതിയ ഉദ്യോഗാർത്ഥികൾക്കുള്ള ഏക പോംവഴി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |