
പഠിപ്പിച്ച കുട്ടികൾ വലിയ നിലകളിൽ എത്തുമ്പോഴും തങ്ങൾ പഠിപ്പിക്കാൻ യോഗ്യരാണോയെന്ന ചോദ്യത്തിന് മറുപടിയില്ലാതെ നിൽക്കുന്ന ഒരുകൂട്ടം അദ്ധ്യാപകരുണ്ട് ഇന്ന് കേരളത്തിൽ. ശമ്പളം മുടങ്ങിയും ഇൻക്രിമെന്റുകൾ ഇല്ലാതെയും പ്രമോഷനുകൾ സ്വപ്നം മാത്രമായി മാറിയും അവർ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഒരുവശത്ത് വിദ്യാഭ്യാസ ഗുണമേന്മയുടെ നിയമവാഴ്ച, മറുവശത്ത് ജീവിതത്തിന്റെ രണ്ടാം പകുതിയിൽ പരീക്ഷാഹാളിലേക്ക് വീണ്ടും നടന്നുപോകേണ്ടി വരുന്നവരുടെ നിസഹായത. കെ- ടെറ്റ് എന്ന കടമ്പ കേവലം ഒരു യോഗ്യതാ പരീക്ഷയല്ല, മറിച്ച് ആയിരക്കണക്കിന് അദ്ധ്യാപക കുടുംബങ്ങളുടെ അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന യോഗ്യതാ പരീക്ഷ, വിദ്യാഭ്യാസ മേഖലയിൽ വലിയൊരു പ്രതിസന്ധിക്കാണ് വഴിയൊരുക്കുന്നത്.
കെ- ടെറ്റിന്റെ വരവ്
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് രാജ്യത്തെ എല്ലാ പ്രൈമറി, സെക്കൻഡറി അദ്ധ്യാപകർക്കും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2012 മുതലാണ് കേരളം കെ-ടെറ്റ് പരീക്ഷകൾ ആരംഭിച്ചത്. ഇതുവരെ 22 പൊതു പരീക്ഷയും ഒരു പ്രത്യേക പരീക്ഷയും നടത്തി. തുടക്കത്തിൽ പുതിയ നിയമനങ്ങൾക്ക് മാത്രമായിരിക്കും ഇതെന്ന് കരുതിയെങ്കിലും പിന്നീട് സർവീസിലുള്ളവർക്കും ഇത് ബാധകമാക്കി. അതോടെയാണ് പ്രശ്നങ്ങൾ സങ്കീർണമായത്. അദ്ധ്യാപനത്തിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള അളവുകോലായാണ് സർക്കാർ ഇതിനെ കാണുന്നത്. എന്നാൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള തങ്ങളെ വീണ്ടും പരീക്ഷയ്ക്ക് വിധേയമാക്കുന്നത് നീതിയല്ലെന്നാണ് ഒരുവിഭാഗം അദ്ധ്യാപകരുടെ വാദം.
പ്രത്യാശയും ആശങ്കയും
കെ- ടെറ്റ് സംബന്ധിച്ച് സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി നിരവധി കേസുകൾ നടക്കുന്നുണ്ട്. 2012 മാർച്ച് 31ന് മുമ്പ് നിയമനം ലഭിച്ചവർക്ക് കെ- ടെറ്റിൽ നിന്ന് ഇളവ് നൽകണമെന്ന ആവശ്യത്തിൽ കോടതികൾ പലപ്പോഴും വ്യത്യസ്ത നിരീക്ഷണങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാർക്കും 50 വയസ് തികഞ്ഞവർക്കും ഇളവ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയെങ്കിലും മറ്റ് അദ്ധ്യാപകർക്ക് പരീക്ഷ നിർബന്ധമാണെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യത നേടിയില്ലെങ്കിൽ അദ്ധ്യാപകർക്ക് സർവീസിൽ തുടരാൻ അർഹതയുണ്ടാവില്ലെന്നായിരുന്നു കോടതി വാദം. എങ്കിലും കേന്ദ്രനിയമം വരുന്നതിനു മുമ്പ് ജോലിയിൽ പ്രവേശിച്ചവർക്ക് ആനുകൂല്യം നൽകണമെന്ന വാദവും കോടതിയുടെ പരിഗണനയിലുണ്ട്. തർക്കങ്ങളിൽ ഏറ്റവും ഒടുവിലായി വന്നത് 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീംകോടതി വിധിയാണ്. ഇതുപ്രകാരം രാജ്യത്ത് ടെറ്റ് യോഗ്യത നിലവിൽ വന്ന 23/08/2010ന് മുമ്പ് നിയമനം ലഭിച്ച അദ്ധ്യാപകർക്ക് യോഗ്യത നേടാൻ സുപ്രീംകോടതി വിധി വന്ന തീയതി മുതൽ 2 വർഷം കൂടി സമയം അനുവദിച്ചു. ഇത് സീനിയർ അദ്ധ്യാപകർക്ക് ആശ്വാസമായി.
സർക്കാർ നിലപാടിലും ആശങ്ക
വളരെ കർക്കശമായ നിലപാടാണ് സർക്കാർ വിഷയത്തിൽ സ്വീകരിച്ചിരുന്നത്. കെ- ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരുടെ വാർഷിക ഇൻക്രിമെന്റുകൾ തടഞ്ഞുവച്ചും പ്രമോഷനുകൾ അനുവദിക്കാതെയും സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. പിന്നീട് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായ സെറ്റ്, പിഎച്ച്.ഡി, നെറ്റ് എന്നിവയുള്ള അദ്ധ്യാപകർക്ക് കെ- ടെറ്റിൽ സർക്കാർ ഇളവുനൽകി. എന്നാൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ 2026 ജനുവരി 1ന് സ്ഥാനക്കയറ്റത്തിനും നിയമനത്തിനും കെ- ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. തുടർന്ന് അദ്ധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഉത്തരവ് മരവിപ്പിക്കുകയും സർക്കാർ സുപ്രീംകോടതിയിൽ റിവ്യു പെറ്റിഷൻ ഫയൽ ചെയ്യുകയും ചെയ്തു. കെ- ടെറ്റിൽ കൂടുതൽ ഇളവുകൾ വേണമെന്ന് റിവ്യു പെറ്റിഷനിൽ സർക്കാർ ആവശ്യപ്പെട്ടു.
പി.എസ്.സി ഉദ്യോഗാർത്ഥികളെ ബാധിക്കും
അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ ടെറ്റ് 2027 സെപ്തംബർ ഒന്നിനുള്ളിൽ നേടാത്തവർക്ക് ജോലി നഷ്ടപ്പെടുമെന്ന സുപ്രീംകോടതി വിധി വന്നതിനുശേഷവും കെ- ടെറ്റ് ഇളവുകളുമായി 74ലേറെ വിജ്ഞാപനങ്ങളാണ് പി.എസ്.സി പുറപ്പെടുവിച്ചിട്ടുള്ളത്. ഡിസംബർ 31ന് പുതുതായി ഇറക്കിയ 22 ഉത്തരവുകൾ ഉൾപ്പെടെയാണിത്. ഇവയുടെ നിയമന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. തസ്തികാ മാറ്റം, പുതിയ നിയമനങ്ങൾ എന്നിവ വിജ്ഞാപനങ്ങളിൽ ഉൾപ്പെടുന്നു. നിയമവിരുദ്ധമായി ഇളവുകൾ നൽകി അദ്ധ്യാപകരെ ജോലിയിൽ പ്രവേശിപ്പിച്ചാലും, മതിയായ യോഗ്യതയില്ലെന്ന കാരണത്താൽ പിന്നീട് പുറത്താക്കപ്പെട്ടേക്കാം എന്ന ആശങ്കയിലാണ് ഉദ്യോഗാർത്ഥികൾ.
നിലവിലെ സാഹചര്യം
നിലവിൽ കേരളത്തിലെ സ്കൂളുകളിൽ 60,000 ഓളം അദ്ധ്യാപകർ കെ- ടെറ്റില്ലാതെ ജോലി ചെയ്യുന്നുണ്ട്. ഇവർക്കായി പൊതുപരീക്ഷ കൂടാതെ ഫെബ്രുവരിയിൽ പ്രത്യേക പരീക്ഷ നടത്താനാണ് സർക്കാർ തീരുമാനം. കോടതി അനുവധിച്ചിട്ടുള്ള അവസാന തീയതി 2027 ഓഗസ്റ്റ് 31 ആണ്. അതിനു മുമ്പ് യോഗ്യത നേടാത്തവർ പുറത്തുപോകേണ്ടി വരും. എൻ.സി.ടി.ഇ വിജ്ഞാപനം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2010 ആഗസ്റ്റ് 23 ന് മുമ്പ് ജോലിയിൽ പ്രവേശിച്ചവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്. കെ- ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ഒരു അദ്ധ്യാപകന്റെയും ജോലി നഷ്ടപ്പെടില്ലെന്ന് സർക്കാർ പറയുന്നുണ്ട്. എന്നാൽ അദ്ധ്യാപകർ നിർബന്ധമായും പരീക്ഷ എഴുതി ജയിക്കണമെന്ന എന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
അദ്ധ്യാപകരുടെ ആശങ്ക പരിഹരിക്കുന്നതിനും വിദ്യാഭ്യാസ ഗുണനിലവാരം നിലനിറുത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
- വി. ശിവൻകുട്ടി,
വിദ്യാഭ്യാസ മന്ത്രി
നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് സർവീസിൽ പ്രവേശിച്ചവരുടെ ജോലിസുരക്ഷിതത്വം, സ്ഥാനക്കയറ്റം എന്നിവ സംരക്ഷിക്കുന്നതിന് സർക്കാർ കാര്യക്ഷമമായ നടപടി സ്വീകരിക്കണം.
- കെ.അബ്ദുൽ മജീദ്,
സംസ്ഥാന പ്രസിഡന്റ്,
കെ.പി.എസ്.ടി.എ
കെ- ടെറ്റ് യോഗ്യത സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് സങ്കീർണമായ പ്രശ്‌നങ്ങളാണുണ്ടാക്കുന്നതെന്നും ഇതു പരിഹരിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തണം.
- ടി.കെ.എ.ഷാഫി,
ജനറൽ സെക്രട്ടറി,
കെ.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |