SignIn
Kerala Kaumudi Online
Friday, 19 April 2024 7.02 PM IST

വീൽചെയറിലെ സുന്ദരൻ ബാഡ്‌മിന്റണിലും താരം, ഉൾക്കരുത്തിന്റെ പ്രതീകമായി നിഷാൻ നിസാർ

wheel-chair

തിരുവനന്തപുരം:വീൽചെയറിൽ മോഡലായെത്തി ഫാഷൻ ഷോ റാമ്പുകളിലും കായിക താരമായി ബാഡ്‌മിന്റൺ കോർട്ടിലും ഉൾക്കരുത്തിന്റെ പ്രതീകമായി നിഷാൻ നിസാർ. കൊച്ചിയിലും ബംഗളൂരുവിലും ഗോവയിലും മോഡലിംഗ് വേദികളിൽ തിളങ്ങിയ നിഷാൻ, ബാഡാസ് നാഷൻ എന്ന രാജ്യാന്തര മോഡലിംഗ് ബ്രാൻഡിന്റെ അംബാസഡറാണ്.

നാല് വർഷം മുമ്പ് കമലേശ്വരം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌ ടൂ കഴിഞ്ഞ് ഡിഗ്രിക്ക് ചേരാനിരിക്കെയാണ് കഴക്കൂട്ടം ചന്തവിളയിൽ സ്‌കൂട്ടറിൽ പോയ നിഷാനെ പിക്കപ്പ് വാൻ ഇടിച്ചത്. സുഷുമ്‌നാ നാഡിക്കും കാലിനും ഗുരുതര പരിക്കേറ്റു. നടക്കാനുളള ശേഷി നഷ്‌ടമായെന്ന് ഡോക്‌ടർമാർ വിധിയെഴുതിയെങ്കിലും വീട്ടിലിരിക്കാൻ തയ്യാറായില്ല. മോഡലിംഗ് മോഹം പൊടിതട്ടിയെടുത്ത് വിവിധ ഏജൻസികൾക്ക് മെയിൽ അയച്ചു.

ഇപ്പോൾ ഭിന്നശേഷിക്കാരുടെ പാരാ ബാഡ്‌മിന്റണിൽ കേരളത്തിലെ എണ്ണംപറഞ്ഞ താരമാണ് നിഷാൻ. മാർച്ചിൽ പാരാ ബാഡ്‌മിന്റൺ ദേശീയതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സാഹസിക കായിക ഇനങ്ങളോടും താത്പര്യം. രണ്ടാഴ്‌ച മുമ്പ് കോവളത്ത് സ്‌കൂബ ഡൈവിംഗ് നടത്തി. സ്കൈ ഡൈവിംഗും പാരാ ഗ്ലൈഡിംഗുമാണ് ഇനിയുളള ആഗ്രഹം.

വരുമാനത്തിന് സെയിൽസ് എക്‌സിക്യൂട്ടീവ്

ഭിന്നശേഷിക്കാർക്കായി ഇന്ത്യ വികസിപ്പിച്ച നിയോ മോഷൻ സ്‌കൂട്ടറിന്റെ സെയിൽസ് എക്‌സിക്യൂട്ടീവാണ് നിഷാൻ. മദ്രാസ് ഐ.ഐ.ടിയാണ് സ്‌കൂട്ടർ നിർമ്മിച്ചത്. നിയോമോഷന്റെ സ്‌കൂട്ടറും വീൽചെയറും വിൽക്കാനും പരിചയപ്പെടുത്താനും അതേ സ്‌കൂട്ടറിൽ തിരുവനന്തപുരത്തെ ഡോക്‌ടർമാരെ കാണുകയാണ് ജോലി. തിരുവനന്തപുരത്ത് നിഷാനും സുഹൃത്ത് ഹാഷിറും മാത്രമാണ് ഈ സ്‌കൂട്ടർ ഉപയോഗിക്കുന്നത്. സ്‌കൂട്ടറിന്റെ പ്രചരണത്തിന് അയൽ ജില്ലകളിലേയ്‌ക്കും പോകും.

സുഹൃത്തുക്കൾക്കായി കാരവൻ

ചുറ്റുമുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയതോടെ സുഹൃത്ത് അനിഷയുമായി ചേർന്ന് കാരവൻ എന്ന കൂട്ടായ്‌മയുണ്ടാക്കി. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ പ്രവർത്തിക്കുന്ന കാരവനിൽ നൂറോളം ഭിന്നശേഷിക്കാർ അംഗങ്ങളാണ്. ഭിന്നശേഷി ഫെസ്റ്റ് നടത്താനുളള തയ്യാറെടുപ്പിലാണ് സംഘടന.

ചിത്രകാരൻ

ഒഴിവുസമയം ചിത്രരചനയ്‌ക്കും ബോട്ടിൽ ആർട്ടിനും മാറ്റിവയ്‌ക്കും. വരച്ച ചിത്രങ്ങളാണ് വീട്ടിലെ സ്വീകരണമുറി നിറയെ. പിതാവ് പരേതനായ നിസാർ. മാതാവ് ഷഹബ നിസാർ. സഹോദരൻ: ഷാനം നിസാർ .തിരുവനന്തപുരം കണ്ണമൂല നികുഞ്ജം മൊണാർക്ക് 2സിയിൽ താമസം

'സ്വയം വളരുന്നതിനൊപ്പം മറ്റുളളവർക്ക് വേണ്ടിയും ജീവിക്കുകയാണ് ലക്ഷ്യം. പരിമിതകളെ അതിജീവിച്ച് ലോകം മുഴുവൻ സഞ്ചരിക്കണമെന്നാണ് സ്വപ്‌നം.'

നിഷാൻ നിസാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAUMUDI SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.