വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാളികളുടെ പ്രിയ വിഭവമായി മാറിയ ഒന്നാണ് ഷവർമ. തുർക്കിയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ഷവർമ ഇഷ്‌ടപ്പെടാത്ത മനുഷ്യർ ലോകത്ത് തന്നെ വളരെ വിരളമാണ്. ഷവർമ അല്ല 'ശവർമ' എന്നുപോലും ഇതിന് വിളിപ്പേരുണ്ട്. കഴിച്ച പലരുടെയും ജീവനെടുത്തു എന്നതിനാലാണ് ഇതിന് അത്തരത്തിലൊരു പേരുവന്നത്. എന്തൊക്കെ വന്നാലും എത്രയൊക്കെപ്പേർ മരിച്ചാലും ഭക്ഷ്യവിഷബാധയേറ്റാലും ഷവർമയ്‌ക്ക് എക്കാലത്തും ആരാധകർ ഏറെയാണ്.
നിങ്ങളുടെ ഈ പ്രിയ വിഭവം ഒട്ടും ഭയമില്ലാതെ കഴിക്കാൻ പറ്റിയാലോ. തടി കുറയ്‌ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഷവർമ ഉത്തമമാണെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എന്നാൽ, വിശ്വസിക്കണം. ഇതാണ് പ്ലാന്റ് ബെയ്‌സ്‌ഡ് ഷവർമ. തിരുവനന്തപുരം സ്വദേശിയായ കണ്ണന്റെ മനസിലുണ്ടായ ഈ ആശയമാണ് ഇന്ന് ലോകശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നത്. രുചിയിൽ ഒട്ടും കുറവില്ലാത്ത ഈ ഷവർമയ്‌ക്ക് പ്രത്യേകതകളും ഏറെയാണ്.
വെജിറ്റേറിയൻ ഷവർമയുടെ ജനനം
എംബിഎ പഠനത്തിന് ശേഷം അഞ്ച് വർഷത്തോളം ലണ്ടനിലാണ് കണ്ണൻ ജോലി ചെയ്‌തിരുന്നത്. പിന്നീട് നാട്ടിൽവന്ന് പല സ്റ്റാർട്ടപ്പുകളും തുടങ്ങി. ഈ സമയത്താണ് അമ്മ വസുന്തരാദേവിക്ക് സ്‌തനാർബുദം ബാധിച്ചത്. വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിച്ചിരുന്ന അമ്മ ഇതിനെ അതിവേഗം അതിജീവിച്ചു. കീമോ പോലും ചെയ്യാതെതന്നെ അവർ ജീവിച്ചു. ഇതോടെയാണ് വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ശക്തിയെക്കുറിച്ച് കണ്ണൻ മനസിലാക്കുന്നത്. നിരന്തരം ഇതേക്കുറിച്ച് നിരീക്ഷിക്കാനും തുടങ്ങി.
കൊവിഡ് സമയത്താണ് കവടിയാർ - കുറവൻകോണം റോഡിൽ കണ്ണൻ ഒരു ഫുഡ് കാർട്ട് ആരംഭിക്കുന്നത്. ഷവർമയും മറ്റ് പാനീയങ്ങളും ഇവിടെ ലഭ്യമായിരുന്നു. 100 ശതമാനവും വെജിറ്റേറിയനാണ് എന്നത് മാത്രമല്ല, ഈ ഭക്ഷണത്തിൽ എണ്ണയോ പഞ്ചസാരയോ മറ്റ് പ്രിസർവേറ്റീവുകളോ ചേർത്തിട്ടില്ല എന്ന പ്രത്യേകതയുമുണ്ടായിരുന്നു. പല ഫുഡ് ഫെസ്റ്റിവലുകളിലും ഇവർ ഭക്ഷണം എത്തിച്ചിട്ടുണ്ട്. അന്ന് കൊച്ച് കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർ വരെയുള്ള ആവശ്യക്കാരെത്തിയത് പ്ലാന്റ് ഷവർമയ്‌ക്കാണ്. നല്ല അഭിപ്രായവും ലഭിച്ചു. ഇതോടെയാണ് വലിയ രീതിയിൽ ചെയ്യുന്നതിനെപ്പറ്റിയുള്ള ചിന്ത കണ്ണന്റെ മനസിലുദിച്ചത്.
സിംഗപ്പൂരിൽ നിന്ന് അംഗീകാരം
ഈ സമയത്താണ് സിംഗപ്പൂരിൽ നടക്കുന്ന 2023 ഇന്നോവേറ്റ് 360 എന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഫുഡ് ആക്‌സിലറേറ്ററിൽ ഈ പ്ലാന്റ് ഷവർമ അവതരിപ്പിക്കാൻ കണ്ണന് സാധിച്ചത്. സിംഗപ്പൂരിൽ നിന്ന് മികച്ച സംരംഭകർക്ക് നൽകുന്ന വിസയും ലഭിച്ചു. തുടർന്ന് ലോകത്തിലെ ആദ്യത്തെ റെഡി ടു ഈറ്റ് പ്ലാന്റ് ബേസ്‌ഡ് ഷവർമ കണ്ണൻ സിംഗപ്പൂരിൽ അവതരിപ്പിച്ചു. ഇതിന് രണ്ട് വർഷത്തെ ഷെൽഫ് ലൈഫ് ഉണ്ട്. രണ്ട് തരത്തിലുള്ള ടെക്‌നോളജി ഉപയോഗിച്ചാണ് ഇവ ഫ്രീസ് ചെയ്യുന്നത്.
ഒന്നാമത്തെ മാർഗം -45 ഡിഗ്രി താപനിലയിൽ 'ബ്ലാസ്റ്റ് ഫ്രീസ്' ചെയ്‌ത് ഈ ഷവർമ ഫ്രിഡ്‌ജിൽ -18 ഡിഗ്രി താപനിലയിൽ സൂക്ഷിക്കുന്നതാണ്. ശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് മൈക്രോവേവ് ഓവനിൽ വച്ച് ചൂടാക്കി കഴിക്കാം. രണ്ടാമത്തെ മാർഗം 'റെട്രോഡ് ഫ്രീസിംഗ്' ആണ്. ഈ മാർഗത്തിലൂടെയാണെങ്കിൽ ഫ്രിഡ്‌ജിൽ വച്ചില്ലെങ്കിൽ പോലും ഷവർമ രണ്ട് വർഷം കേടുകൂടാതെയിരിക്കും.
ലക്ഷ്യങ്ങൾ
കാലാവസ്ഥാ വ്യതിയാനം, മൃഗങ്ങളെ കൊല്ലുന്നത്, അസുഖങ്ങൾ എന്നിവ കുറയ്‌ക്കുക എന്ന ഉദ്ദേശത്തോടെയാണ് കണ്ണൻ ഈ പ്ലാന്റ് ബെയ്‌സ്‌ഡ് പ്രോഡക്‌ടുകൾ പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഒരു പഠനത്തിൽ പറയുന്നത് പ്രകാരം, ഇലക്‌ട്രോണിക് വാഹനങ്ങൾക്കായി വളരെ വലിയൊരു തുകയാണ് ജനങ്ങൾ ചെലവഴിക്കുന്നത്. എന്നാൽ, പ്ലാന്റ് ബേസ്‌സ് ഡയറ്റിലൂടെ ഇതിനേക്കാൾ 25 ശതമാനം വരെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാനാകും.
യുഎന്നിന്റെ കണക്കുപ്രകാരം, ഒരു കിലോ ബീഫ് ഉണ്ടാകണമെങ്കിൽ 15,000 ലിറ്റർ വെള്ളം വേണമെന്നാണ്. അതിനാൽ, നമ്മൾ വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് പോയാൽ ഇത്തരത്തിൽ വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളുടെ വേഗം കുറയ്‌ക്കാനും കഴിയുമെന്നാണ് കണ്ണൻ പറയുന്നത്.
മറ്റ് ഉൽപ്പന്നങ്ങൾ
ഷവർമ മാത്രമല്ല, ബർഗർ, മോമോസ്, ഐസ്‌ക്രീം തുടങ്ങി 30ഓളം ഭക്ഷണ വിഭവങ്ങൾ കണ്ണൻ കണ്ടെത്തിയിട്ടുണ്ട്. 'സിറ്റാന' എന്നൊരു പാനീയവും ലഭ്യമാണ്. ചായയും കാപ്പിയും പോലെ കുടിക്കാമെങ്കിലും കഫീൻ അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ സവിശേഷത. ഇവരുടെ പ്രത്യേകതരം ബർഗർ ഉടൻ തന്നെ ലഭ്യമാകുന്നതാണ്. സഹോദരി വീണയാണ് ഇതിനെല്ലാം കണ്ണനെ സഹായിക്കുന്നത്.
വില്ലനല്ല മയോണൈസ്
സാധാരണ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേൽക്കാനുള്ള പ്രധാന കാരണം മയോണൈസ് ആണ്. എന്നാൽ, ഈ പ്ലാന്റ് ഷവർമയിൽ ഉപയോഗിക്കുന്നത് മറ്റൊരു തരം മയോണൈസ് ആണ്. ഈന്തപ്പഴം, കശുവണ്ടി, മത്തങ്ങയുടെ വിത്തുകൾ തുടങ്ങിയ ചേരുവകൾ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്. അതിനാൽ, രുചിയും കൂടുതലാണ്. ഇറച്ചി ഉപയോഗിക്കാതെ തന്നെ അതേ രുചി ലഭിക്കാനായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്. കഴിക്കുന്നവർക്ക് ഒരിക്കൽപ്പോലും ഇത് ചക്കയുടെ രുചിയാണെന്ന് മനസിലാകില്ല.
വില
ഗ്രാസ്‌ഹോപ്പർ എന്ന പേരിലുള്ള ഇവരുടെ ക്ലൗഡ് കിച്ചൺ പ്രവർത്തിക്കുന്നത് തിരുവനന്തപുരം ശാസ്‌തമംഗലത്താണ്. 99രൂപ മുതലാണ് ഷവർമയുടെ വില ആരംഭിക്കുന്നത്. ടാക്കോ ഷവർമയ്‌ക്കാണ് 99 രൂപ. ഷവർമ റോളിന് 199 രൂപയാണ്. പ്രീമിയം കോംബോയ്‌ക്ക് 299 ആണ് വില. അതിൽ വലിയൊരു ഷവർമ, സാലഡ്, സോസ് എന്നിവയാണ് ഉൾപ്പെടുന്നത്. സ്വിഗ്ഗി, സൊമാറ്റോ, മറ്റ് ഡെലിവറി ആപ്പുകൾ വഴി ഇവ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. എല്ലായ്‌പ്പോഴും ഓഫറുകളും ലഭ്യമാണ്.
മുന്നോട്ടുള്ള യാത്ര
അധികം വൈകാതെ തന്നെ പ്ലാന്റ് ഷവർമയുടെ ഔട്ട്‌ലറ്റുകൾ തുടങ്ങണമെന്നാണ് കണ്ണൻ പറയുന്നത്. പല സിറ്റികളിലും ഇത് വ്യാപിപ്പിക്കും. ലോകത്തിന്റെ ഏത് കോണിലേക്കും എത്ര അളവിൽ വേണമെങ്കിലും എത്തിക്കാനുള്ള സൗകര്യങ്ങൾ ഇവർ ഒരുക്കിയിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള എല്ലാ ലൈസൻസുകളും എടുത്തിട്ടുണ്ട്. എയർലൈനുകളിലും ഈ ഭക്ഷണം എത്തിക്കണമെന്ന ആഗ്രഹവും കണ്ണനുണ്ട്. പണം മാത്രമല്ല, കഴിക്കുന്നവരുടെ ആരോഗ്യം കൂടിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഫോൺ നമ്പർ : 7034444577 ( കണ്ണൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |