മുട്ടിനു താഴെ മുറിച്ച ഇടതുകാലിന്റെ വേദന ശരീരത്തിലും മനസിലും നിറഞ്ഞിട്ടും റെനി പോൾ തളർന്നില്ല. തന്നെപ്പോലെ പ്രതിസന്ധിയിലായവർക്ക് കൃത്രിമ കൈകാലുകൾ (ആർട്ടിഫിഷ്യൽ ലിംബ്സ്) നിർമ്മിച്ച് നൽകി സാന്ത്വനമാവുകയാണ് വിമുക്തഭടനായ റെനി. ശ്രീനഗറിൽ പട്രോളിംഗ് നടത്തവെ ഉണ്ടായ മൈൻ സ്‌ഫോടനത്തിലാണ് റെനി പോളിന് കാൽ നഷ്ടമായത്.
പല കാരണങ്ങളാൽ കൈകാലുകൾ ഇല്ലാതായ നിരവധി പേർക്കാണ് കൂത്താട്ടുകുളം സ്വദേശിയായ റെനി പോൾ ആശ്വാസമായത്. പാലാ കെ.എം. മാണി സ്‌മാരക ജനറൽ ആശുപത്രിയിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രത്തിലെ ടെക്‌നീഷ്യനാണിപ്പോൾ റെനി.
കൂത്താട്ടുകുളം കരിമ്പന വല്യാനപ്പറമ്പിൽ റെനി പോൾ 1987ലാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ചേർന്നത്.
1993ൽ ശ്രീനഗറിൽ നാല് സൈനികർക്കൊപ്പം പട്രോളിംഗ് നടത്തവെ മൈൻ സ്‌ഫോടനമുണ്ടായി. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ വീരമൃത്യു വരിച്ചു. റെനിയുടെ ഇടതുകാലിന്റെ മുട്ടിന് താഴെ മുറിഞ്ഞുപോയി. ആറ് മാസത്തോളം നീണ്ട ചികിത്സ. ഒടുവിൽ ജയ്‌പൂരിലെ കൃത്രിമ കൈകാൽ നിർമ്മാണ കേന്ദ്രത്തിലേക്ക്. അവിടെ നിന്നാണ് കൃത്രിമ കാലുവച്ചത്.
കിറുകൃത്യം
പാലാ ആശുപത്രിയിലെ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രത്തിൽ ഓടിനടന്ന് പണിയെടുക്കുന്ന റെനി പോളിനെ കണ്ടാൽ ഒരുകാൽ ഇല്ലാത്തയാളാണെന്ന് തോന്നില്ല. അത്രയ്‌ക്കുണ്ട് കൃത്രിമ കാലിന്റെ പൂർണത. നിരവധി പേർക്ക് ഇത്തരത്തിലുള്ള കൃത്രിമ കാലുകൾ നിർമ്മിച്ച് നൽകാനായതിന്റെ ചാരിതാർത്ഥ്യമുണ്ട് റെനിക്ക്. 58കാരനായ റെനി അതിരമ്പുഴയിലാണ് താമസം.ഷൈജിയാണ് ഭാര്യ. മകൻ എൽദോ റെനി എയ്ഞ്ചലും കൃത്രിമ അവയവ നിർമ്മാണ മേഖലയിൽ അച്ഛനെ സഹായിക്കുകയാണ്. മകൾ എയ്ഞ്ചൽ മേരി റെനി.
''അപകടത്തിലോ അല്ലാതെയോ കൈകാലുകൾ നഷ്ടപ്പെട്ടവരുടെ വേദന എനിക്കറിയാം. അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് കൃത്രിമ അവയവ നിർമ്മാണരംഗത്തേക്ക് കടന്നുവന്നത്. മരിക്കുന്നതുവരെ ഈ രംഗത്തുണ്ടാകും.
റെനി പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |