ന്യൂഡൽഹി : കേരള ഹൈക്കോടതി വിധി പ്രകാരം പുനഃക്രമീകരിച്ച ഈ അദ്ധ്യയന വർഷത്തെ കീം റാങ്ക് പട്ടികയിലും, എൻജിനിയറിംഗ് പ്രവേശന നടപടികളിലും ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമായ സൂചന നൽകി. ഈ ഘട്ടത്തിൽ അനിശ്ചിതത്വമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന്, 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ
കോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയില്ലെങ്കിലും ഫലത്തിൽ ഇത് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ്. ഇപ്പോൾ തന്നെ ഓരോ പരീക്ഷയും, പ്രവേശനനടപടികളും കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യം ഇത്തരത്തിലുള്ള അനിശ്ചിതത്വത്താൽ വലയുന്ന സാഹചര്യമുണ്ടെന്നും ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾക്ക് തടസമില്ല. പുനഃക്രമീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താം.
മാർക്കിലെയും റാങ്കിലെയും മാറ്റം തുടങ്ങിയ വസ്‌തുതകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കില്ല. പരീക്ഷ നടത്തിയ ശേഷം സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ മാർക്ക് ഏകീകരണത്തിന് പുതിയ ഫോർമുല ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവരാൻ കഴിയുമോയെന്ന നിയമപ്രശ്‌നം പിന്നീട് പരിഗണിക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഭേദഗതി കൊണ്ടു വന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
സർക്കാർ നിലപാട്
ഇന്നറിയിക്കണം
സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുന്നുണ്ടോയെന്ന് സർക്കാർ ഇന്ന് അറിയിക്കണമെന്ന് സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശിയോട് നിർദ്ദേശിച്ചു. അപ്പീൽ പോകേണ്ടതില്ലെന്നാണ് നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്.
ആശങ്ക അറിയിച്ച്
വിദ്യാർത്ഥികൾ
റാങ്ക് ലിസ്റ്റിൽ സ്റ്റേറ്റ് സിലബസ്, സി.ബി.എസ്.ഇ വിദ്യാർത്ഥികൾ തമ്മിലുള്ള അസമത്വം ഇല്ലാതാക്കാനാണ് പ്രോസ്‌പെക്‌ടസിൽ ഭേദഗതി കൊണ്ടുവന്നതെന്ന് സ്റ്റേറ്റ് സിലബസ് വിദ്യാർത്ഥികൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. പി.എസ്. സുൽഫിക്കൽ അലി എന്നിവർ വാദിച്ചു. കോടതി ഇടപെട്ടാൽ സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന് അവർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ, അഡ്വ. അൽജോ കെ. ജോസഫ് എന്നിവർ അറിയിച്ചു.
എൻജി. പ്രവേശനം: ഓപ്ഷൻ
ആഗസ്റ്റ് 2ലേക്ക് നീട്ടാൻ ഉത്തരവ്
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളിലേക്ക് പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂലായ് 18ൽ നിന്ന് ആഗസ്റ്റ് രണ്ടിലേക്ക് നീട്ടാൻ ഹൈക്കോടതി ഉത്തരവ്. അധിക സീറ്റുകളും പുതിയ കോഴ്സുകളും എ.ഐ സി.ടി.ഇ അംഗീകരിച്ച് ഉത്തരവായിട്ടും സർവകലാശാലയുടെ അഫിലിയേഷൻ വൈകുകയാണെന്ന് കാണിച്ച് കാഞ്ഞിരപ്പള്ളി അമൽജ്യോതിയടക്കം ഒരു കൂട്ടം സ്വാശ്രയ കോളേജുകൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഉത്തരവ്.
സർവകലാശാല ഈ മാസം 23നകം ഇൻസ്പെക്ഷൻ ടീമിനെ നിയോഗിച്ച് 31നകം കോളേജുകളുടെ അപേക്ഷകളിൽ തീരുമാനമെടുക്കാനും കോടതി നിർദ്ദേശിച്ചു.
താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ, വി.സിമാർ നയപരമായ തീരുമാനമെടുക്കുനത് വിലക്കിയിരുന്നു. ഈ ഉത്തരവിന്റെ പേരിലാണ് സർവകലാശാല തീരുമാനം വൈകിക്കുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ കോഴ്സുകളുടെ അഫിലിയേഷൻ നയപരമായ തീരുമാനത്തിൽ ഉൾപ്പെടുന്നില്ലെന്ന് ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് കോടതി വിശദീകരിച്ചു.
തീയതി നീട്ടി
അതേസമയം എൻജിനിയറിംഗ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 18 ന് വൈകിട്ട് 4 മണി വരെ പ്രവേശന പരീക്ഷ കമ്മിഷണർ നീട്ടി. വെബ്സൈറ്റ്: www.cee.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |