തിരുവനന്തപുരം: വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള വാട്ടർ അതോറിട്ടിയുടെ ശുപാർശയ്ക്ക് സർക്കാർ അംഗീകാരം നൽകി. നിരക്ക് വർദ്ധന ശനിയാഴ്ച മുതൽ പ്രാബല്യത്തിലായെന്ന ജലവിഭവ സെക്രട്ടറി അശോക് കുമാർ സിംഗിന്റെ ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി ഇറങ്ങി .
എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വർദ്ധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റർ) 10 രൂപ വർദ്ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ വർദ്ധനയിൽ നിന്ന് ഒഴിവാക്കും. ഒരു കിലോലിറ്റിറിന് 4.40 രൂപ മുതൽ 12 വരെയാണ് വിവിധ സ്ലാബുകളിലായി നിലവിൽ നിരക്ക്. ഇത് ഇനിമുതൽ 14.40 മുതൽ 22 രൂപ വരെയാകും. താരിഫ് പുനർനിർണയിച്ചാൽ മാത്രമേ നിരക്ക് വർദ്ധന സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. താരീഫ് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
പുതിയ നിരക്കു പ്രകാരം വിവിധ സ്ലാബുകളിലായി ശരാശരി 300 മുതൽ 600 രൂപ വരെ ഉപഭോക്താവ് നൽകേണ്ടി വരുമെന്നാണ് സൂചന. നിരക്ക് വർദ്ധനയിലൂടെ ജല അതോറിട്ടിക്ക് 300 കോടിയുടെ അധിക വരുമാനം ലഭിക്കും.2014ലാണ് ഇതിനുമുമ്പ് സർക്കാർ കുടിവെള്ള നിരക്ക് വർദ്ധിപ്പിച്ചത്. രണ്ട് വർഷം മുമ്പ് കേന്ദ്ര മാനദണ്ഡമനുസരിച്ച് വെള്ളക്കരം പ്രതിവർഷം അഞ്ച് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഒരു കിലോലിറ്റർ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപ ജല അതോറിട്ടി ചെലവിടുന്നുണ്ട്. എന്നാൽ അതിൽ നിന്നുള്ള വരുമാനം 10.50 രൂപ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |