തിരുവനന്തപുരം: രണ്ടുമാസത്തിലൊരിക്കൽ എന്നതുമാറ്റി വൈദ്യുതി ബില്ല് പ്രതിമാസമാക്കുന്നത് നീളും. സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ പദ്ധതി പൂർണമായി നടപ്പാക്കുന്നതുവരെ കാത്തിരിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കത്തെ തുടർന്നാണിത്. നിലവിലെ രീതി മാറ്റിയാൽ ചെലവും ഉപഭോക്താക്കളുടെ താരിഫും കൂടുമെന്ന മുന്നറിയിപ്പും കെ.എസ്.ഇ.ബി നൽകുന്നു. സ്മാർട്ട് മീറ്റർ വന്നാൽ ഇതുകുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കാത്തിരിക്കാനുള്ള തീരുമാനം.
2025ന് മുമ്പ് സ്മാർട്ട് മീറ്റർ നടപ്പാക്കാനാണ് കേന്ദ്ര നിർദ്ദേശം. ഇത് തത്വത്തിൽ അംഗീകരിച്ച കേരളം മൂന്നുഘട്ടമായി നടപ്പാക്കാൻ ടെൻഡറും വിളിച്ചിട്ടുണ്ട്. അതിനാൽ ഇക്കൊല്ലം പ്രതിമാസ ബില്ലിംഗ് നടക്കില്ലെന്ന് ഉറപ്പായി. പ്രതിമാസ ബില്ലിംഗ് ആവശ്യം വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പൊതുതെളിവെടുപ്പിൽ ഉയർന്നതോടെയാണ് ഇതുസംബന്ധിച്ച ചർച്ച സജീവമായത്. എന്നാൽ, ഇത് ബാദ്ധ്യതയാകുമെന്ന് കണ്ടതോടെയാണ് കെ.എസ്.ഇ.ബിയുടെ തത്കാലമുള്ള പിൻവാങ്ങൽ.
60 ഉപഭോക്താക്കൾക്ക് ഒരുമീറ്റർ റീഡറും ഒരു ഓവർസിയറും രണ്ടു ലൈൻമാനുമാണ് സെക്ഷൻ ഓഫീസിലുള്ളത്. പ്രതിമാസ ബില്ലിംഗ് ഉടൻ ഏർപ്പെടുത്തിയാൽ നിലവിലുള്ളതിന്റെ ഇരട്ടി ജീവനക്കാരെ നിയമിക്കേണ്ടിവരും. അവരുടെ ശമ്പളം, മറ്റുചെലവുകൾ എന്നിവ വൈദ്യുതി താരിഫിലും പ്രതിഫലിക്കും. ഇപ്പോൾ ഒൻപത് രൂപയാണ് ബില്ലിൽ ഇതിന്റെ പേരിൽ ചേർത്തിരിക്കുന്നത്. പ്രതിമാസ ബില്ലിംഗിൽ ഇത് കൂടും. മാത്രമല്ല, അനുവദനീയമായതിലും കൂടുതലുള്ളതിനാൽ ജീവനക്കാരെ വീണ്ടും നിയമിക്കുന്നതിന് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകാനുമിടയില്ല.
സ്മാർട്ട് മീറ്ററിൽ
ചെലവ് കുറയും
1.സ്മാർട്ട് മീറ്റർ സംവിധാനം നടപ്പാക്കുമ്പോൾ കൂടുതൽ മീറ്റർ റീഡർമാരുടെ ആവശ്യം വരില്ലെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തൽ. ഇതിലൂടെ ചെലവ് കുറയ്ക്കാനാകും.
2.നിലവിലുള്ള മീറ്റർ റീഡർമാർ പോലും ബാദ്ധ്യതയാകുന്ന സാഹചര്യവും സംജാതമാകും 3.സ്മാർട്ട് മീറ്റർ വരുന്നതോടെ അതത് മാസം ഒാൺലൈനായി പണമടച്ച് ബില്ല് ക്രമീകരിക്കാൻ ഉപഭോക്താക്കൾക്കും സൗകര്യമുണ്ടാകും
1.39 കോടി
സംസ്ഥാനത്ത് ആകെ
ഉപഭോക്താക്കൾ
1,05,54,000
നിലവിൽ ദ്വൈമാസ ബില്ലിംഗുള്ള
ഗാർഹിക ഉപഭോക്താക്കൾ
1.46 ലക്ഷം
നിലവിൽ പ്രതിമാസ ബില്ലിംഗുള്ള
വ്യാവസായിക ഉപഭോക്താക്കൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |