മൂലമറ്റം: കിടപ്പുരോഗിയായ ഭർത്താവിന്റെ കഴുത്തറുത്തശേഷം വീട്ടമ്മ തൂങ്ങി മരിച്ചു. കുളമാവ് കരിപ്പിലങ്ങാട് കുളപ്പുറത്ത് വീട്ടിൽ സുകുമാരന്റെ ഭാര്യ മിനിയാണ് (54) ജീവനൊടുക്കിയത്. 69കാരനായ സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും പൊലീസ് പറഞ്ഞു.
റിട്ട.റെയിൽവേ ഉദ്യോഗസ്ഥനായ സുകുമാരൻ മറവിരോഗവും വീണ് പരിക്കേറ്റതും കാരണം ഏറെ നാളായി കിടപ്പിലായിരുന്നു. ഇതിൽ മിനി ദുഃഖിതയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഭർത്താവിന്റെ അവസ്ഥയിൽ മനംനൊന്താകാം കടുംകൈ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ദമ്പതികൾക്ക് മക്കളില്ല.
ഇന്നലെ രാവിലെ 8.30നാണ് സംഭവം പുറത്തറിഞ്ഞത്. സുകുമാരനെ പരിചരിച്ചിരുന്ന സ്ത്രീ ഇന്നലെ രാവിലെ എത്തിയപ്പോൾ ഗേറ്റും വീടും പൂട്ടിയ നിലയിലായിരുന്നു. പൊലീസും സമീപവാസികളുമെത്തി വീട് തുറന്നുനോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സുകുമാരനെയാണ് കണ്ടത്. സമീപം മിനിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സുകുമാരനെ ഉടൻ ആശുപത്രിയിലെത്തിച്ചു. മിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |