□ആരോഗ്യ കോൺക്ളേവ് 22ന്
തിരുവനന്തപുരം: യു.ഡി.എഫ് തീരുമാന പ്രകാരമുള്ള ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ഇന്നു തിരുവനന്തപുരത്ത് നടക്കും. യു.ഡി.എഫ് നിയോഗിച്ച ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിലുള്ള ആരോഗ്യ കോൺക്ലേവ് ആഗസ്റ്റ് 22 നും നടക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ന് രാവിലെ 10 മുൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ വിദ്യാഭ്യാസ വിചക്ഷണരും അക്കാഡമിക് രംഗത്തെ പ്രമുഖരും മുൻ വൈസ് ചാൻസലർമാരും ഉൾപ്പെടെ പങ്കെടുക്കും. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ പലായനവും കേരളത്തിലെ പല കോഴ്സുകളിലും വിദ്യാർത്ഥികളില്ലാത്തതിനുള്ള കാരണങ്ങളും പരിഹരിക്കാനുള്ള മാർഗങ്ങളും ചർച്ചയാകും. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തു വരുത്തേണ്ട മാറ്റത്തെക്കുറിച്ചു പ്രതിപക്ഷം കോൺക്ലേവ് സംഘടിപ്പിക്കുന്നത് ആദ്യമാണ്.
ഗവർണറും വി.സിമാരും സിൻഡിക്കേറ്റും സർക്കാരും തമ്മിലുള്ള സംഘർഷത്തിന് ഇരകളാക്കപ്പെടുന്നത് സർവകലാശാലകളും വിദ്യാർത്ഥികളുമാണെന്നു വി.ഡി. സതീശൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അഴിമതികളും കാമ്പസുകളിലെ ജനാധിപത്യമില്ലായ്മയും ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിക്കാം. സർക്കാർ ചെയ്യുന്ന തെറ്റായ കാര്യങ്ങൾക്കു പരിഹാരം കാണാനാണ് കോൺക്ലേവിലൂടെ ശ്രമിക്കുന്നത്. ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് കമ്മീഷൻ വിശദമായ പഠനം നടത്തിയാണ് ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർഥികളും പങ്കെടുക്കും. വിദ്യാഭ്യാസ വിദഗ്ധർ നേരിട്ടും ഓൺലൈനായും പങ്കെടുക്കും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |