തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ തിരുവനന്തപുരം ഡി.സി.സിയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്നാക്ക വിഭാഗക്കാരെ പരിഗണിക്കണമെന്ന ആവശ്യം ശക്തം. ജില്ലയിൽ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി കോൺഗ്രസിന് തിരിച്ചടി നേരിടുന്നതിന് കാരണം പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതാണ്. പാർട്ടി നേതൃത്വത്തിന്റെ അവഗണനയും,സ്ഥാനാർത്ഥി നിർണയത്തിലെ വെട്ടിനിരത്തലും ഇതിൽ നല്ലൊരു വിഭാഗം പ്രാദേശിക നേതാക്കളും പ്രവർത്തകരും നിഷ്ക്രിയരാവുകയോ,സി.പി.എമ്മിലും ബി.ജെ.പിയിലും മറ്റും ചേക്കേറുകയോ ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നു.
കാവിയാട് ദിവാകരപ്പണിക്കരാണ് പിന്നാക്ക സമുദായത്തിൽ നിന്ന് ഏറ്റവുമൊടുവിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായത്. അതിനുശേഷം കഴിഞ്ഞ ആറ് തവണയായി ഈ പദവി മുന്നാക്ക സമുദായ നേതാക്കൾ കുത്തകയാക്കി വച്ചിരിക്കുകയാണ്. പാർട്ടി മണ്ഡലം,ബ്ളോക്ക്,ഡി.സി.സി തിരഞ്ഞെടുപ്പുകളിൽ പിന്നാക്ക-പട്ടിക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം ലഭിക്കുന്നില്ല. തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിലും ഈഴവർ,വിശ്വകർമ്മജർ,നാടാർ,ധീവരർ,ലത്തീൻ കത്തോലിക്കർ തുടങ്ങിയവർ തഴയപ്പെടുന്നു. ജില്ലയിലെ പാർട്ടിയിൽ പിന്നാക്ക അനുഭാവമുള്ള നേതൃത്വത്തിന്റെ അഭാവമാണ് കാരണമായി പറയുന്നത്.
അർഹതയുണ്ടായിട്ടും
അവഗണന
ജില്ലയിലെ പിന്നാക്ക വിഭാഗക്കാരായ കോൺഗ്രസ് നേതാക്കളിൽ സംഘടനാ പാരമ്പര്യവും അർഹതയുമുള്ള നിരവധി പേരുണ്ടെങ്കിലും ഡി.സി.സി പ്രസിഡന്റ് പദവിയിലും,നിയമസഭാ സീറ്റിന്റെ കാര്യത്തിലും തഴയപ്പെടുന്നുവെന്നാണ് പരാതി. വിദ്യാർത്ഥി,യുവജന പ്രസ്ഥാനങ്ങളിലും പാർട്ടിയിലും മികച്ച നേതൃത്വം വഹിച്ചിട്ടുള്ള മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായ ടി.ശരത്ചന്ദ്ര പ്രസാദ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തലസ്ഥാന ജില്ലയിലെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്.
വിഭാഗീയതകൾക്ക് അതീതമായി പാർട്ടിയിൽ സ്വീകാര്യനായ അദ്ദേഹം ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പലതവണ പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം പുറത്തായി. ഡി.സി.സിയുടെ താത്കാലിക പ്രസിഡന്റ് എൻ.ശക്തനെ പുതിയ പ്രസിഡന്റാക്കണമെന്ന ആവശ്യവും ഉയരുന്നു. പാർട്ടിയുടെ പ്രവർത്തനം ഇങ്ങനെ തുടർന്നാൽ, വരുന്ന തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പകളിൽ പാർട്ടി ഉച്ചി കുത്തി വീഴുമെന്ന ഫോൺ സംഭാഷണം ചോർന്നത് പാലോട് രവിയുടെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം തെറിപ്പിച്ചിരുന്നു. എന്നാൽ,രവി ഉന്നയിച്ച പ്രശ്നങ്ങൾക്ക് കെ.പി.സി.സി നേതൃത്വം ഇടപെട്ട് പരിഹാരം കാണണമെന്നും പക്ഷപാതപരമായ സമീപനം വെടിഞ്ഞ് സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകാൻ കെൽപ്പുള്ളവരെ ജില്ലയിലെ നേതൃസ്ഥാനത്ത് കൊണ്ടു വരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |