തിരുവനന്തപുരം: ബഹുമുഖ പ്രതിഭയായ ഇ.എം.എസിന്റെ ചരിത്രം പുതുതലമുറയ്ക്ക് ലഭ്യമാക്കുന്നതിന് നിയമസഭയിൽ ഒരുക്കുന്ന ഇ.എം.എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയത്തിലൂടെ സാധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ സജ്ജീകരിക്കുന്ന ഇ.എം.എസ് സ്മൃതി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ. ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും.
കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും ആധുനിക കേരളത്തിന്റെ സ്രഷ്ടാവുമായിരുന്ന ഇ.എം.എസിനെ പുതിയ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിൽ മ്യൂസിയം ഗുണകരമാകും. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഇത് നടപ്പിലാക്കാൻ നിയമസഭയ്ക്ക് സാധിക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ട്. ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലഘട്ടത്തിൽ, യഥാർത്ഥ ചരിത്രം നാടിനെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
നിയമസഭാ ക്യാമ്പസിലെ ജി. കാർത്തിയേകൻ മ്യൂസിയത്തിന്റെ ഒന്നാം നിലയിലാണ് ഇ.എം.എസിന്റെ ജീവിതവും രാഷ്ട്രീയ സർഗാത്മക പ്രവർത്തനങ്ങളും വിശദമാക്കുന്ന ഇ.എം.എസ് സ്മൃതി ഒരുങ്ങുന്നത്. 4500 സ്‌ക്വയർ ഫീറ്റിൽ ഇ.എം.എസിന്റെ ചിത്രങ്ങളും സ്മരണികകളും ഉൾപ്പെടുന്ന ഗ്യാലറികളും, മിനി തിയേറ്ററും സുവനീർ ഷോപ്പും ഗെയ്മിംഗ് സോണും മ്യൂസിയത്തിൽ ഉണ്ടാകും. കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ് നിർമ്മാണ ചുമതല.
മ്യൂസിയം ഉപദേശക സമിതി ചെയർപേഴ്സൺ കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള, നിയമസഭ സെക്രട്ടറി ഡോ.എൻ കൃഷ്ണകുമാർ, നിയമസഭ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഷീന ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |