#മന്ത്രിമാരുടെ അനുനയം പാളി
തിരുവനന്തപുരം: അഞ്ച് മന്ത്രിമാർ നേരിട്ടെത്തി അഭ്യർത്ഥിച്ചിട്ടും, വിവാദ ബില്ലുകളിൽ ഒപ്പിടില്ലെന്ന മുൻനിലപാടിലുറച്ച് ഗവർണർ കേരളം വിട്ടു. ഇന്നലെ വൈകിട്ട് ഹൈദരാബാദിലേക്ക് പോയ അദ്ദേഹം, കോലാപ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ പരിപാടിക്ക് ശേഷം ഡൽഹിയിലെത്തും. മാർച്ച് രണ്ടിന് കൊച്ചിയിലും തൃശൂരിലുമെത്തി വീണ്ടും ഡൽഹിയിലേക്ക് പോകും.. മാർച്ച് രണ്ടാംവാരത്തിലേ തിരിച്ചെത്തൂ. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കൊല്ലം മലനട ക്ഷേത്രത്തിൽ നിന്നെത്തിയപ്പോൾ, ബില്ലുകൾ ഒപ്പിടുന്നത് രാജ്ഭവൻ ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തിയെങ്കിലും തീരുമാനം പിന്നീടറിയിക്കാമെന്നായിരുന്നു മറുപടി. വിവാദ ബില്ലുകളിൽ ഗവർണർ ഒപ്പിടില്ലെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ്, വി.എൻ.വാസവൻ, ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാൻ എന്നിവർ രാജ്ഭവനിലെത്തി അഭ്യർത്ഥിച്ചെങ്കിലും വിവാദമായ ലോകായുക്ത, ചാൻസലറെ മാറ്റൽ, സർവകലാശാലാ നിയമഭേദഗതി ബില്ലുകളിലൊന്നും ഒപ്പിടാൻ ഗവർണർ തയ്യാറായില്ല.
ലോകായുക്ത ഉത്തരവുകൾ നിയമസഭയ്ക്കും മുഖ്യമന്ത്രിക്കും സർക്കാരിനും പുനഃപരിശോധിക്കാവുന്ന ഭേദഗതി ലോക്പാൽ നിയമത്തിന്റെ മാതൃകയിലുള്ളതാണെന്ന് മന്ത്രി പി.രാജീവ് വിശദീകരിച്ചെങ്കിലും, അതിൽ സർക്കാരിന് ദുരുദ്ദേശമുണ്ടെന്നാണ് ഗവർണർ മറുപടി നൽകിയത്. ലോകായുക്തയുടെ നിലനിൽപ്പിന് ഭീഷണിയാണിത്. സർക്കാരിന് സ്വന്തം കേസിൽ സ്വന്തമായി വിധിപറയാൻ സാഹചര്യമൊരുക്കുന്നതും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കാനാവുന്നതുമാണ് ഭേദഗതിയെന്നും ഗവർണർ വിലയിരുത്തി. ഗവർണറെ ഒഴിവാക്കി യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണലിനെ സർക്കാരിന് നിയമിക്കാനുള്ള ഭേദഗതി നിയമമായാൽ ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാ ജഡ്ജിയെ സർക്കാരിന് നിയമിക്കാമെന്നാണ് വിലയിരുത്തൽ.അതേസമയം, മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) റദ്ദാക്കൽ, സഹകരണസംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർമാർക്ക് വോട്ട് ചെയ്യാനുള്ള ഭേദഗതി, മലപ്പുറം ജില്ലാബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഭേദഗതി എന്നിവയിൽ അടുത്ത ദിവസം ഓൺലൈനായി ഒപ്പിട്ടേക്കും.
സർവകലാശാലാ നിയമഭേദഗതികൾക്ക് അനുമതി വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടപ്പോൾ, തന്നെ തെറ്റിദ്ധരിപ്പിച്ച് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നേടിയെടുത്തതും പ്രിയാ വർഗ്ഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞതും ഗവർണർ ചൂണ്ടിക്കാട്ടി. ബില്ലുകൾ നിയമമായാൽ രാഷ്ട്രീയ അതിപ്രസരമുണ്ടാവുമെന്നായിരുന്നു നിലപാട്.ചാൻസലർ പദവിയിൽ ഗവർണർ തുടരണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പലവട്ടം കത്തയച്ചതും, താൻ ചാൻസലറായിരിക്കുന്നത് സർക്കാരിന് പൂർണവിശ്വാസമാണെന്ന മുൻനിലപാടും ഗവർണർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |