കഴക്കൂട്ടം: ഭിന്നശേഷിക്കുട്ടികളുടെ സർഗശേഷികൾക്ക് വെളിച്ചം പകർന്ന ഇന്ത്യയിലെ ആദ്യത്തെ കലാമേളയ്ക്ക് ഡിഫറന്റ് ആർട്ട് സെന്റർ വഴിയൊരുക്കിയത് പുതിയ പ്രതീക്ഷയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്റി വി.മുരളീധരൻ പറഞ്ഞു. കഴക്കൂട്ടം മാജിക് പ്ളാനറ്റിൽ സംഘടിപ്പിച്ച ദേശീയ ഭിന്നശേഷി കലാമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കും. എല്ലായിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിൽപ്പരം ഭിന്നശേഷിക്കുട്ടികളാണ് സംഗമോത്സവത്തിൽ പങ്കാളികളായത്. കലാമേളയുടെ ഭാഗമായി, ഭിന്നശേഷി മേഖലയെ പ്രതിപാദിക്കുന്ന ബോധവത്കരണ പരിപാടികളും സെമിനാറുകളും പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.
മാജിക് അക്കാഡമി രക്ഷാധികാരി അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഫറന്റ് ആർട്ട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലായിൽ നടത്തുന്ന ഇന്റർനാഷണൽ കോൺഫറൻസിന്റെ ലോഗോ പ്രകാശനം നാഷണൽ ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ.ആർ. വൈദീശ്വരന് നൽകി നിർവഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി, കെ.കെ. ശൈലജ എം.എൽ.എ, മേയർ ആര്യാരാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ സ്വാഗതവും ഡിഫറന്റ് ആർട്ട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |