ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി.എഫ് പെൻഷന് അപേക്ഷിക്കാൻ തൊഴിലുടമയുമായി ചേർന്ന് മേയ് മൂന്നു വരെ സംയുക്ത ഓപ്ഷൻ നൽകാനായി ഇ.പി.എഫ്.ഒ വെബ് സൈറ്റിൽ നൽകിയ ലിങ്ക് പ്രവർത്തനക്ഷമമായി. https://unifiedportal-mem.epfindia.gov.in/memberInterface എന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് അപേക്ഷകന്റെ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കാം. തിങ്കളാഴ്ച സാങ്കേതിക തടസങ്ങൾ മൂലം ലിങ്കിൽ കയറാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു.
അപേക്ഷിക്കേണ്ടത് ഇങ്ങനെ
ലിങ്കിലൂടെ ഇ.പി.എഫ്.ഒ അംഗങ്ങൾക്കായുള്ള ഹോം പേജിലാണ് എത്തുക. അവിടെ വലതു വശത്ത് ഇംപോർട്ടന്റ് ലിങ്ക്സ് എന്നതിന് താഴെ സംയുക്ത ഒാപ്ഷൻ നൽകാനുള്ള ലിങ്ക് പ്രത്യേകം കാണാം. അതിൽ ക്ളിക്ക് ചെയ്യുമ്പോൾ 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ചവർക്കും 2014 സെപ്തംബർ ഒന്നിന് മുമ്പും ശേഷവും അംഗമായി തുടരുന്നവർക്കും പ്രത്യേകം ഓപ്ഷൻ നൽകാനുള്ള ലിങ്കുകൾ കാണാം. അതിൽ ക്ളിക്ക് ചെയ്താൽ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.
ഇ.പി.എഫ് 12 അക്ക യു.എ.എൻ, ഇ.പി.എഫ്. ഒ രേഖകളിലുള്ള പേര്, ജനന തീയതി, ആധാർ നമ്പർ, മൊബൈൽ നമ്പർ (രണ്ടും ലിങ്ക് ചെയ്തവർക്ക്) എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ചവർ യു.എ.എന്നിനു പകരം 12 അക്ക പി.പി.ഒ നമ്പർ ഉപയോഗിക്കണം. രണ്ടുവിഭാഗക്കാരും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് വരുന്ന ഒ.ടി.പി ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്.
തുടർന്ന് അപേക്ഷാ ഫോം പേജിൽ താഴെപറയുന്ന വിവരങ്ങൾ നൽകണം.
ഇ.പി.എഫ് പെൻഷൻ പദ്ധതി, കുടുംബ പെൻഷൻ എന്നിവയിൽ ചേർന്ന തീയതിയും അവസാനിച്ച തീയതിയും ചോദിക്കുന്നുണ്ട്. കൂടാതെ അപേക്ഷകന്റെ ഇ മെയിൽ വിലാസവും ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട് നമ്പറും (ഐ.എഫ്.എസ്.സി കോഡ് സഹിതം) നൽകണം.
2014 സെപ്തംബർ ഒന്നിന് മുമ്പും ശേഷവും അംഗമായി തുടരുന്നവർ 2001 ജൂൺ ഒന്നിന് മുമ്പ് വേതന പരിധിയായ 5000രൂപയ്ക്ക് മുകളിലും 2014 സെപ്തംബർ ഒന്നിന് മുമ്പ് വേതന പരിധിയായ 6500രൂപയ്ക്ക് മുകളിലും തൊഴിലുടമയുടെ വിഹിതം ലഭിച്ചിരുന്നോ എന്നും വ്യക്തമാക്കണം.
ഈ ഓപ്ഷനു വേണ്ടിയുള്ള വിഹിതം പിഎഫ് അക്കൗണ്ടിൽ ലഭ്യമായ തുകയിൽ നിന്ന് അടയ്ക്കാൻ ആഗ്രഹിക്കുന്നുവോ എന്നും അക്കൗണ്ടിൽ ആവശ്യമായ തുകയില്ലെങ്കിൽ അത് അവസാന തൊഴിലുടമ മുഖേന പലിശ സഹിതം നിക്ഷേപിക്കുന്നതിന് ഉടമ്പടി നൽകുന്നുണ്ടോ എന്നും ചോദിക്കുന്നുണ്ട്. (ഉണ്ട്, ഇല്ല എന്നിവയിലേതെങ്കിലും ടിക്ക് ചെയ്താൽ മതി).
അപേക്ഷ ഉടൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതുവരെ നൽകിയ വിവരങ്ങൾ സേവ് ചെയ്തു വയ്ക്കാം. വീണ്ടും ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |