കണ്ണൂർ ; കണ്ണൂർ എം.ഡി.എം ആയിരുന്ന നവീൻ ബാബുവിന് തെറ്റുപറ്റിയെന്ന് ജില്ലാ കളക്ടർ മൊഴി നൽകിയിട്ടില്ലെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. നവീൻ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി ആവർത്തിച്ചു. എ.ഡി.എമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യു വകുപ്പിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന മന്ത്രി രാജൻ ഇന്ന് കളക്ടറുമായി വേദി പങ്കിട്ടു.
നവീൻബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗം ഉൾപ്പെടെ റവന്യു മന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് കളക്ടർ മൊഴി നൽകിയിരുന്നത്. ഇതിന് ശേഷം ജില്ലയിലെ റവന്യു വകുപ്പിന്റെ പരിപാടികളിൽ മന്ത്രി കെ. രാജൻ പങ്കെടുത്തിരുന്നില്ല. കളക്ടറുമായി വേദി പങ്കിടുന്നതിലായിരുന്നു എതിർപ്പ്. എന്നാൽ കളക്ടറുമായി പിണക്കമില്ലെന്നാണ് മന്ത്രി പറയുന്നത്.
നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. തനിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യം ബോദ്ധ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എ.ഡി.എം നവീൻ ബാബു അഴിമതി ചെയ്തുവെന്ന് കളക്ടർ മൊഴി നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ദിവസം വൈകിട്ട് രണ്ട് തവണയും പിറ്റേദിവസം ഒരുതവണയും കളക്ടർ മന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |