തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം മുൻകൂട്ടിക്കണ്ട് സപ്ലൈകോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയിൽ ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അരിയുടെയും വെളിച്ചെണ്ണയുടെയും മുളകിന്റെയും കാര്യത്തിൽ സവിശേഷമായ ഇടപെടൽ നടത്തിയെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് 31 വരെ 45.4 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചു. കേരളത്തിലെ 3.33 കോടി ജനങ്ങളിൽ രണ്ടു കോടി പേർക്കെങ്കിലും സർക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
സപ്ലൈകോയിൽ ആഗസ്റ്റ് 31 വരെയുള്ള വിറ്റുവരവ് 297.3 കോടി രൂപയാണ്, ആഗസ്റ്റ് 11,12 തീയതികളിൽ പ്രതിദിന വിറ്റുവരവ് പത്തുകോടി കവിഞ്ഞു. 27ന് സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിറ്റുവരവായ 15.7 കോടിയിലെത്തി. ആഗസ്റ്റ് 30ന് വീണ്ടും റെക്കോഡ് മുന്നേറ്റം നടത്തി 19.4 കോടി രൂപയായി. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്പനയാണ് നടന്നത്. ഇത്തവണ 300 കോടിയിൽ കുറയാത്ത വില്പനയാണ് സപ്ലൈകോ ലക്ഷ്യമിട്ടതെങ്കിലും ഇന്ന് വരെയുള്ള കണക്കുകളനുസരിച്ച് 307 കോടി രൂപയായി വർദ്ധിച്ചതായി മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വിൽപനയാണ് നടന്നത്. ഇത്തവണ 300 കോടിയിൽ കുറയാത്ത വിൽപനയാണ് സപ്ലൈകോ ലക്ഷ്യമിട്ടതെങ്കിലും ഇന്ന് വരെയുള്ള കണക്കുകൾ പ്രകാരം 307 കോടി രൂപയായി വർദ്ധിച്ചതായി മന്ത്രി അറിയിച്ചു.
വെളിച്ചെണ്ണ വില വർധനയിൽ സപ്ലൈകോ ഇടപെടൽ വളരെ ഫലപ്രദമായി. സപ്ലൈകോ വില്പനശാലയിൽ നിന്ന് 457 രൂപ വിലയുള്ള കേര വെളിച്ചെണ്ണ ആവശ്യാനുസരണം നൽകി. ഓഗസ്റ്റ് 25 മുതൽ 457 രൂപയിൽ നിന്നും 429 രൂപയിലേക്ക് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. നേരത്തെ ഒരു ബില്ലിന് ഒരു ലിറ്റർ കേര വെളിച്ചെണ്ണ മാത്രം എന്ന നിബന്ധനയിൽ മാറ്റം വരുത്തി. സപ്ലൈകോ ബ്രാൻഡായ ശബരിയുടെ ഒരു ലിറ്റർ സബ്‌സിഡി വെളിച്ചെണ്ണ 349 രൂപയ്ക്ക് നൽകിയിരുന്നത് ഇപ്പോൾ 339 രൂപയായും സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണ 429 രൂപയിൽ നിന്നും 389 രൂപയായും കുറവുവരുത്തിയാണ് വിൽപന നടത്തുന്നത്. ഇതിലൂടെ പൊതുവിപണിയിലെ വെളിച്ചെണ്ണയുടെ വില പിടിച്ചുനിർത്താൻ കഴിഞ്ഞു. വിലയിൽ ഇനിയും കുറവ് വരുത്താൻ സാധിക്കും. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |