ആലപ്പുഴ: സംസ്ഥാനത്ത് 'നിരാമയ' ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ ഭിന്നശേഷിക്കാർക്ക് മരുന്ന് വാങ്ങിയതിനും, തെറാപ്പി ചികിത്സയ്ക്കുമുള്ള ക്ളെയിമുകൾ കിട്ടുന്നില്ലെന്ന് ആക്ഷേപം. ഇതുകാരണം പലരും ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നു. ഓട്ടിസം, സെറിബ്രൽ പാൾസി, ബൗദ്ധിക വെല്ലുവിളി, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് നിരാമയ. ഈ വർഷം ഇതിനായി 75 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടും ഇൻഷ്വറൻസ് തുക നൽകുന്നില്ലെന്നാണ് പരാതി.
കൊല്ലം ശാസ്താംകോട്ടയിലെ മനോവികാസ് എന്ന സ്ഥാപനമാണ് നോഡൽ ഏജൻസി. അതേസമയം, പിഴവുകളില്ലാത്ത ക്ളെയിമുകളെല്ലാം പാസാക്കി നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. എ.പി.എൽ വിഭാഗത്തിന് 350 രൂപയും ബി.പി.എൽ വിഭാഗത്തിന് 150 രൂപയുമാണ് പ്രീമിയം തുക.
മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതികൾ ഏകോപിപ്പിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് നിരാമയ അടക്കം വിവിധ പദ്ധതികൾ ലയിപ്പിച്ച് കാരുണ്യ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചതോടെ 2023 മുതൽ നിരാമയയ്ക്ക് ബഡ്ജറ്റിൽ പ്രത്യേക തുക ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഭിന്നശേഷിക്കാർക്ക് മാത്രമായൊരു ഇൻഷ്വറൻസ് പദ്ധതി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിലയിരുത്തി നിരാമയ പുനരാരംഭിച്ചു. തുടർന്നാണ് ഈ വർഷം ബഡ്ജറ്റിൽ തുക വകയിരുത്തിയത്.
പ്രതിമാസം ചെലവ്
10,000- 15,000രൂപ
1.ഒരു മാസം 10,000-15,000 രൂപ മരുന്നിനും തെറാപ്പിക്കും ആവശ്യമായി വരുന്ന കുടുംബങ്ങളാണ് റീ ഇമ്പേഴ്സ്മെന്റ് ലഭിക്കാതെ വിഷമിക്കുന്നത്
2.പ്രീമിയം മുടങ്ങിയാൽ പദ്ധതിക്ക് പുറത്താകുമെന്നതിനാൽ ക്ളെയിം ലഭിച്ചില്ലെങ്കിലും മിക്കവരും പ്രീമിയം കൃത്യമായി അടയ്ക്കുന്നുണ്ട്
75,000
പദ്ധതിയിലെ
അംഗങ്ങൾ
''ഇൻഷ്വറൻസ് ക്ളെയിം നിഷേധിക്കുന്നതിനെതിരെ എം.പിമാർക്കുൾപ്പെടെ പലതവണ കത്ത് നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. അഞ്ച് വയസുമുതൽ പദ്ധതിയുടെ ഭാഗമായി പ്രിമീയം അടച്ച മകന് 23 വയസിനകം ഒരു ക്ലെയിംപോലും അനുവദിച്ചിട്ടില്ല
-കെ. മുജീബ്,
ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |