കൊല്ലം: സ്കൂൾ കലോത്സവങ്ങളിൽ കലാപ്രതിഭയായിരുന്ന ഗായകൻ ശരത് രാജൻ എം.ബി.ബി.എസ് നേടി ഡോക്ടറായപ്പോൾ പാട്ട് ചികിത്സയ്ക്ക് കൂട്ടായി. പകർച്ചവ്യാധികൾ വരുന്ന വഴിയും അതിനെ നേരിടാനുള്ള മുൻകരുതലും ശരത് രാജൻ ഗാനരൂപത്തിലാക്കി. കൊല്ലം ജില്ല മെഡിക്കൽ ഓഫീസിലെ സർവയലൻസ് ഓഫീസർ-2ആയ ഡോ. ശരത് രാജൻ സ്വയമെഴുതിയ പാട്ടിലൂടെയാണ് മുൻകരുതലിന്റെ പാഠങ്ങൾ നൽകുന്നത്. പ്രതിരോധ പ്രവർത്തനവുമായി എവിടെയെത്തിയാലും മരുന്നിനൊപ്പം ബോധവത്കരണ ഗാനവും ഉണ്ടാവും.
'അമൃതവർഷിണിയായി പെയ്യുന്നു മാരി
കരുതണം എന്നും പകരുന്ന വ്യാധിയെ
മശകങ്ങൾ മൂഷികരെന്നിവർ
വ്യാധിതൻ വാഹകരെന്നതോർക്കേണം
മലിനമാകാതെ നാം കാക്കണം നമ്മുടെ
ഭവനങ്ങളീവർഷകാലം..."
രാഗങ്ങളെക്കുറിച്ച് നല്ലബോധ്യമുണ്ട്. മഴക്കാലമായതിനാൽ അമൃതവർഷിണി രാഗത്തിലാണ് ഇപ്പോഴത്തെ പാട്ടുകൾ. ഇത്തവണത്തെ ഓട്ടിസം ദിനത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പാടിയ ഗാനം
ഓട്ടിസം ബാധിതരായ കുട്ടികളുടെ അമ്മമാരെ കണ്ണീരണിയിച്ചു.
'എല്ലാവരെയും പോലല്ല ഞാനമ്മേ...
എന്നെ തിരിച്ചറിയുന്നോരെന്നമ്മേ
പറയുവാനേറെയുണ്ടെനിക്കെന്നമ്മേ
ഒരു വൃത്തമാണെന്റെ ജീവിതമമ്മേ..."
കുഷ്ഠ രോഗത്തിനെതിരെയുള്ള ബോധവത്കരണ ഗാനം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർ ലെപ്രസി സാനിട്ടോറിയത്തിലേക്ക് ക്ഷണിച്ച് ആദരിച്ചിരുന്നു.
മെഡി.ഫെസ്റ്റിലും
മികച്ച ഗായകൻ
മദ്രാസ് കെ.വി. ചെല്ലപ്പയുടെ അടക്കം ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. സ്കൂൾ കലോത്സവങ്ങളിൽ പലതവണ കലാപ്രതിഭയായി. ചെണ്ടയും വയലിനും കഥകളിയും അഭ്യസിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ മെഡിക്കൽ ഫെസ്റ്റിൽ ബെസ്റ്റ് സിംഗറും സെക്കൻഡ് ബെസ്റ്റ് വയലിനിസ്റ്റുമായി.
ജോലിത്തിരക്കിൽ സംഗീതം പൂർണമായി ഉപേക്ഷിച്ചിരുന്നു. കൊവിഡ് ബാധിച്ച് മരണത്തെ മുന്നിൽക്കണ്ടപ്പോഴാണ് വീണ്ടും പാടിത്തുടങ്ങിയത്. ഫേസ്ബുക്കിലും യൂ ട്യൂബിലും നിറയെ പാട്ടുകളാണ്. കൊല്ലം സ്വദേശിയാണ്. തിരുവനന്തപുരം വഞ്ചിയൂരിൽ വഞ്ചിയൂർ ഭവനിലാണ് താമസം. ഗവേഷക വിദ്യാർത്ഥിയായ എൻജിനിയർ പി.എൽ. ദിവ്യ ആണ് ഭാര്യ, മകൻ നീൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |